തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ?
കേരളകൗമുദിയാണ് ഇതുസംബന്ധമായ നിര്‍ണ്ണായക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരെ മാത്രം ‘ബലിയാടാക്കി’ രക്ഷപ്പെട്ടാനുള്ള തന്ത്രമാണ് പൊളിയുന്നത്.
ഉറപ്പുകളൊന്നും പാലിക്കാത്ത ഡിജിപിക്ക് മുന്നില്‍ സമരം ചെയ്യാനായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയുടെയും കുടുംബക്കാരുടെയും തീരുമാനമെന്നും അങ്ങനെ സംഭവിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പു നല്‍കിയതായും കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ചുവടെ:
മഹിജയും ബന്ധുക്കളും പൊലീസ് ആസ്ഥാനത്ത് സമരം നടത്തിയാല്‍ രാജ്യത്തെ ഇളക്കിമറിച്ച ഡല്‍ഹിയിലെ നിര്‍ഭയ സമരം പോലെ ജനങ്ങള്‍ തെരുവിലേക്കിറങ്ങുമെന്ന് സര്‍ക്കാരിനെ തെറ്റായി ധരിപ്പിച്ചാണ് ബലപ്രയോഗത്തിന് പൊലീസ് അനുമതി നേടിയത്. ഏകമകനെ നഷ്ടമായതിന്റെ തൊണ്ണൂറാം നാളില്‍ ഘാതകരെ അകത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം തുടങ്ങിയാല്‍ പിന്നീട് നിയന്ത്രിക്കാനാവാതെ വരുമെന്നും ലാ അക്കാഡമി സമരത്തിന്റെ മാതൃകയില്‍ രാഷ്ട്രീയഭേദമന്യേ പിന്തുണ കിട്ടുമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.
കാര്യങ്ങള്‍ കൈവിട്ടുപോകുന്നതൊഴിവാക്കാന്‍ വേണ്ടതു ചെയ്യണമെന്ന് ആഭ്യന്തരവകുപ്പിന്റെ അഭിപ്രായമെത്തിയതോടെ മഹിജയെയും ബന്ധുക്കളെയും ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉറപ്പുകളൊന്നും പാലിക്കാത്ത ഡി.ജി.പിക്കു മുന്നില്‍ നിരാഹാരസമരം നടത്തുകയായിരുന്നു മഹിജയുടെയും ബന്ധുക്കളുടെയും ലക്ഷ്യം.
പൊലീസിന്റെ കണ്‍മുന്നിലൂടെ പ്രധാന പ്രതികളായ ശക്തിവേലും പ്രവീണും മുന്‍കൂര്‍ജാമ്യം തേടി കോടതിയിലെത്തിയതോടെ മാതാപിതാക്കളുടെ ക്ഷമകെട്ടു. മഹിജയും സംഘവും കോഴിക്കോട്ടുനിന്ന് പുറപ്പെടും മുന്‍പു തന്നെ പൊലീസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 200 മീറ്റര്‍ അകലെ വടവും ബാരിക്കേഡും സജ്ജമാക്കി. കൂടുതല്‍ വനിതാ പൊലീസുകാരെ എത്തിച്ചു. രാഷ്ട്രീയസമരങ്ങള്‍ നേരിടുന്നതുപോലെയായിരുന്നു പൊലീസിന്റെ സജ്ജീകരണങ്ങള്‍.
ജിഷ്ണുവിന്റെ മാതാപിതാക്കളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി നേതാക്കള്‍ സമരത്തിനിറങ്ങുമെന്നും വി.എം. സുധീരനും വി.എസ്. അച്യുതാനന്ദനും പിന്തുണയ്ക്കുമെന്നുമാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം ഡി.ജി.പി സര്‍ക്കാരിനെ ധരിപ്പിച്ചു. ഏതുവിധേനയും സമരമൊഴിവാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെയും താത്പര്യം.
പൊലീസ് ആസ്ഥാനത്തെ അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് ശക്തമായ കാവലേര്‍പ്പെടുത്തി. ഐ.ജി മനോജ് എബ്രഹാമിന് ഏകോപനച്ചുമതല നല്‍കി. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പുറമേ പൊതുജനസമ്പര്‍ക്ക വകുപ്പിലെ ഉദ്യോഗസ്ഥരെയും വിവരങ്ങളറിയാന്‍ ഡി.ജി.പി ചുമതലപ്പെടുത്തി. ഇവര്‍ നിമിഷംതോറും ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിക്കൊണ്ടിരുന്നു.
ഒളിവിലുള്ള രണ്ട് പ്രധാന പ്രതികളെ പത്തുദിവസത്തിനുള്ളില്‍ എന്തുവിലകൊടുത്തും പിടിച്ചിരിക്കണമെന്ന് ഡി.ജി.പിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിലടക്കമുള്ള ഒളികേന്ദ്രങ്ങള്‍ കണ്ടെത്തി റെയ്ഡ് നടത്തി പ്രതികളെ പിടികൂടാന്‍ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിനെ ചുമതലപ്പെടുത്തിയത്. അതേസമയം മഹിജയ്ക്ക് പരാതിയില്ലാത്തതിനാല്‍ എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം തുടര്‍ന്നും കേസന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.