കോട്ടയം: എംജി സര്‍വകലാശാലയിലെ വിവാദമായ മാര്‍ക്ക് ദാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. സംഭവത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്യുകയും ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റുകയും ചെയ്തു.
അതോടൊപ്പം മാര്‍ക്ക്ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണം പിന്‍വലിക്കാനും പുതിയ വിജ്ഞാപനവും റിപ്പോര്‍ട്ടും ഉടന്‍ നല്‍കുമെന്നും സര്‍വ്വകലാശാല വ്യക്തമാക്കി.
118 ബിടെക് വിദ്യാര്‍ത്ഥികള്‍ക്കാണ് നേരത്തെ അഞ്ച് മാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കിയത് എന്നാണ് എംജി സര്‍വ്വകലാശാല അറിയിച്ചത്. എന്നാല്‍ 118 പേരല്ല 116 പേര്‍ക്ക് മാത്രമാണ് മോഡറേഷന്‍ നല്‍കിയത് എന്നാണിപ്പോള്‍ സര്‍വകലാശാല വ്യക്തമാക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികളെ അധികമായി പട്ടികയില്‍പ്പെടുത്തിയത് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തുവെന്നും എംജി സര്‍വകലാശാല അറിയിച്ചു.