കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ഇന്ന് ചേരും. പീഡന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരായ നടപടി സ്വീകരിക്കുന്നതിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. വിജയ് ബാബുവിന് എതിരെ നടപടി വേണമെന്നാണ് സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാർ.
ഇന്ന് വൈകുന്നേരത്തോടെയാണ് അമ്മ യോഗം ചേരുന്നത്. വിജയ് ബാബുവിൻറെ വിശദീകരണം സംഘടന തേടിയിരുന്നു. വിജയ് ബാബുവിൻറെ വിശദീകരണം അംഗങ്ങളെ അറിയിച്ചതിന് ശേഷമാവും നടപടി ചർച്ച ചെയ്യുക. ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു.
വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഐസിസി മുൻപോട്ട് വെച്ചിരിക്കുന്നത്. ശ്വേതാ മേനോനാണ് ഐസിസിയുടെ ചെയർ പേഴ്സൺ. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എന്ന നിലവിലെ സ്ഥാനത്തു നിന്ന് വിജയ് ബാബുവിനെ തരംതാഴ്ത്താനാണ് സാധ്യത. മോഹൻലാലിൻറെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു എക്സിക്യൂട്ടീവ് അംഗം ആയത്. ഗോവയിലുള്ള അമ്മ പ്രസിഡൻറ് മോഹൻലാൽ യോഗത്തിൽ നേരിട്ട് പങ്കെടുത്തേക്കില്ല.