ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ ഫീസ് വര്‍ധിപ്പിക്കരുതെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ട്യൂഷന്‍ ഫീസുള്‍പ്പെടെ എല്ലാ തരം ഫീസുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് മന്ത്രാലയത്തിനു കീഴിലെ പ്രൈവറ്റ് സ്‌കൂള്‍സ് ലൈസന്‍സിംഗ് വിഭാഗം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ഡനുകളും ഈടാക്കുന്ന ട്യൂഷന്‍ ഫീസും മറ്റ് ഫീസുകളും ലൈസന്‍സിംഗ് വിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നടപ്പില്‍ വരുത്തുന്ന ഫീസ് വര്‍ധന നിയമലംഘനമായി കണക്കാക്കും.
ഖത്തര്‍ സ്‌കൂളുകളിലെ ഇടയ്ക്കിടെയുള്ള ഫീസ് വര്‍ധനവ് തടയണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്കിടയില്‍ ആവശ്യം ശക്തമായിരുന്നു. ഇതേക്കുറിച്ച് ഖത്തര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായത്.