കോഴിക്കോട് : നരിക്കുനി എരവന്നൂര്‍ എ യു പി സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയില്‍ നടപടി. സ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭര്‍ത്താവ് പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊടുവള്ളി എഇഒ യുടെ ശുപാര്‍ശ പ്രകാരമാണ് സ്‌കൂള്‍ മാനേജര്‍ സുപ്രീനയെ സസ്‌പെന്‍ഡ് ചെയ്തത്. എം പി ഷാജിയെ കുന്നമംഗലം എഇഒ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എരവന്നൂര്‍ എയുപി സ്‌കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മര്‍ദ്ദന പരാതി നല്‍കിയത്. അധ്യാപക സംഘടന എസ്ടിയു വിന്റെ ജില്ലാ നേതാവാണ് ഷാജി.
തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെയാണ് പോലൂര്‍ എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ ഷാജി കടന്നുകയറി അതിക്രമം കാണിച്ചത്. തടയാനുളള ശ്രമത്തിനിടെ, പ്രധാനാധ്യാപകന്‍ പി ഉമ്മര്‍ അധ്യാപകരായ വീണ, അനുപമ, ജസീല, മുഹമ്മദ് ആസിഫ് എന്നിവര്‍ക്ക് പരിക്കേറ്റു.
ഷാജിയുടെ ഭാര്യ സുപ്രീന എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയാണ്. ഒരധ്യാപകന്‍ കുട്ടിയെ തല്ലിയെന്ന പരാതി ഇവര്‍ പൊലീസിന് കൈാറിയതുമായ വിഷയം ചര്‍ച്ചചെയ്യാനായിരുന്നു സ്റ്റാഫ് യോഗം വിളിച്ചുചേര്‍ത്തത്. അത്തരമൊരു സംഭവം നടന്നില്ലെന്നും ആശയക്കുഴപ്പം പരിഹരിച്ച ശേഷം പൊലീസിലറിയിച്ചത് ശരിയായില്ലെന്നുമാണ് സ്റ്റാഫ് യോഗം നിലപാടെടുത്തത്. ഇതിനിടെ ഷാജി കടന്നുകയറി അതിക്രമം കാണിക്കുകയായിരുന്നുവെന്ന് പ്രധാനാധ്യാപകന്‍ ഉമ്മര്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ പരാതി ഒഴിവാക്കാന്‍ ശ്രമിച്ചതിനെതിരെയാണ് താന്‍ സംസാരിച്ചതെന്ന് അധ്യാപിക സുപ്രീന പറയുന്നു. തന്നോട് മറ്റധ്യാപകര്‍ മോശമായി സംസാരിക്കുന്നത് കണ്ടതുകൊണ്ടാണ് ഭര്‍ത്താവ് ഇടപെട്ടതെന്നും ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപികയുടെ വാദം.