തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ ക്യാമറ അടക്കം സജ്ജീകരണം കൂട്ടണം.
എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് 2012 ന് കീഴില്‍ ഉള്‍പ്പെടുത്തണം. ഡോക്ടര്‍മാര്‍ക്ക് എതിരെ പ്രതികള്‍ നല്‍കുന്ന എതിര്‍ കേസുകളില്‍ എഫ്‌ഐആര്‍ എടുക്കും മുമ്പ് വിദഗ്ധ സമിതി പരിശോധിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
ഫോര്‍ട്ട് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന യാതൊരുവിധ നടപടികളും പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും തുടരെത്തുടരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പറഞ്ഞു.
പ്രതിയുടെ ശരീരത്തിലെ മുറിവിന്റെ കാരണം അന്വേഷിച്ചതാണു പ്രകോപന കാരണമെന്നും കൈ പിടിച്ചു തിരിച്ചതായും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും ഡോക്ടര്‍ പറഞ്ഞു. പ്രതികള്‍ വരിനില്‍ക്കാതെ തര്‍ക്കം ഉണ്ടാക്കുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനമാണ് ഡോക്ടര്‍ക്കെതിരെ ഉണ്ടായത്. ആഗസ്റ്റ് അഞ്ചിന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറായ മാലു മുരളിക്ക് നേരേ മദ്യപിച്ചെത്തിയ ഒരു കൂട്ടം ആളുകള്‍ അതിക്രമം നടത്തുകയായിരുന്നു. പ്രതികളായ പ്രതികളായ റഷീദ്, റഫീക്ക് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.