തങ്കമണിയുടെ പരാതിയില്‍ നടപടി;കുടുംബത്തിന് ധനസഹായം നല്‍കാന്‍ ഉത്തരവ്

കല്‍പ്പറ്റ: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുമ്പോള്‍ കുഴഞ്ഞ് വീണ് വിദഗ്ധ ചികിത്സ തേടിയ തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ ഉത്തരവ്. മീനങ്ങാടി കൃഷ്ണഗിരി വേങ്ങൂര്‍ കൊന്നക്കല്‍ കെ.വി തങ്കമണി നല്‍കിയ പരാതിയില്‍ എം.ജി.എന്‍. ആര്‍.ഇ.ജി. വയനാട് ജില്ലാ ഓംബുഡ്‌സ്മാന്‍ ഒ.പി.അബ്രഹാമാണ് വിധി പുറപ്പെടുവിച്ചത്. 1,17,316.50 രൂപ ചികിത്സാ ധനസഹായമായി മാര്‍ച്ച് 30 നകം നല്‍കണം. തൊഴിലുറപ്പ് പദ്ധതിയുടെ ഭരണ ചെലവിനത്തില്‍ തുക ലഭ്യമാകാത്ത പക്ഷം ഗ്രാമപഞ്ചായത്ത് തനത്, ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും തുക അനുവദിക്കണം. കേന്ദ്ര ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തുക ക്രമീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പരാതി പരിഗണിച്ച ഓംബുഡ്‌സ്മാന്‍ വിശദമായ അന്വേഷണത്തില്‍ പരാതിക്കാര്‍ക്ക് ചികിത്സാ ധനസഹായത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തി. ചികിത്സക്കായി ചെലവായ 1,14,000 രൂപ, വാഹന ഇനത്തില്‍ ചെലവായ 2,850 രൂപ എന്നിവടയടക്കമുള്ള തുകയാണ് പരാതിക്കാരന് നല്‍കേണ്ടത്. ചികിത്സാ ചെലവ് അനുവദിക്കാനുള്ള അപേക്ഷ ബന്ധപ്പെട്ടവര്‍ യഥാസമയത്ത് പരിഗണിക്കാതെ പോയത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഇത്തരം വീഴ്ചകളുണ്ടാകാതിരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണമെന്നും ഓംബുഡ്‌സ്മാന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

2022 മെയ് മാസത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ അത്തിനിലം നീര്‍ത്തടത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്ടൂര്‍ ബണ്ട് നിര്‍മ്മാണത്തിനിടെ തങ്കമണിയുടെ ഭര്‍ത്താവ് വാസുദേവന്‍ കുഴഞ്ഞു വീണിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ ചികിത്സയടക്കം ഭീമമായ തുക ചെലവായതായും തുക അനുവദിച്ച് കിട്ടാന്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ തുക അനുവദിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബം എം.ജി.എന്‍.ആര്‍.ഇ.ജി ജില്ലാ ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു.

Top