കുവൈറ്റില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നു

കുവൈറ്റ്:കുവൈത്തില്‍ താമസ നിയമം ലംഘിച്ചു കഴിയുന്നവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നു. നിശ്ചിത സമയത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ അനധികൃത താമസക്കാരെയും പിടികൂടുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെ രാജ്യമൊട്ടുക്കും കര്‍ശനമായ പരിശോധനകള്‍ ഉണ്ടാകുമെന്നാണ് സൂചന.

ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇസാം അല്‍ നഹാമിന്റെ നേതൃത്വത്തിലാണ് അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നത്. പൊതു മാപ്പ് പൂര്‍ത്തിയായ ശേഷവും ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ അവശേഷിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. താമസരേഖകള്‍ ഇല്ലാതെ വിദേശികള്‍ രാജ്യത്തു തുടരുന്ന പ്രതിഭാസത്തിനു കര്‍ശന നിയമ നടപടിയെടുക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥ തല മീറ്റിങ് വിളിക്കുമെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിശ്ചിത കാലപരിധി പ്രഖ്യാപിച്ചു അതിനുള്ളില്‍ മുഴുവന്‍ ഇഖാമ നിയമ ലംഘകരെയും പുറന്തള്ളുക എന്ന നിലപാടാകും മന്ത്രാലയം കൈക്കൊള്ളുന്നത്.

സ്വകാര്യ പാര്‍പ്പിട മേഖലയില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളുംഉടനടി ഉണ്ടാകും. നിയമലംഘകരെ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍സറെ വിളിപ്പിക്കുകയും ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യും. ഇതിനു വിസമ്മതിക്കുന്നവരുടെ ഫയലുകള്‍ താമസ കാര്യ വകുപ്പ് മരവിപ്പിക്കും. എല്ലാ സേനാ വിഭാഗങ്ങള്‍ക്കും പ്രത്യേകം ടാര്‍ഗറ്റ് നിശ്ചയിച്ചു കൊണ്ട് രാജ്യത്തിന്റ മുക്കു മൂലകള്‍ അരിച്ചു പെറുക്കിയുള്ള പരിശോധന ക്യാമ്പയിനാണ് പരിഗണയിലുള്ളത്. നിയമ നടപടികള്‍ ഒഴിവാക്കുന്നതിനായി താമസ നിയമം ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നു സ്വദേശികളോടും വിദേശികളോടും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top