സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

ബെംഗളൂരു : സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി. ആശുപത്രി നിയമങ്ങള്‍ ലംഘിച്ചതിന് 38 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. കര്‍ണാടകയിലെ ഗദഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (ജിഐഎംഎസ്) വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി.

ജില്ലാ ആശുപത്രി ഇടനാഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഹിന്ദി, കന്നഡ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇക്കാര്യം ജിഐഎംഎസ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി.
‘ആശുപത്രിക്കുള്ളില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത വിദ്യാര്‍ത്ഥികളുടെ നടപടി ഗുരുതരമായ തെറ്റാണ്. വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

പ്രീ ഗ്രാജുവേഷന്‍ ചടങ്ങിന് വേണ്ടിയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നാണ് അവര്‍ പറയുന്നത്. രോഗികള്‍ക്ക് അസൗകര്യം ഒഴിവാക്കിക്കൊണ്ട് ആശുപത്രി പരിസരത്തിന് പുറത്ത് ഷൂട്ട് ചെയ്യണമായിരുന്നു. ആശുപത്രി നിയമങ്ങളുടെ ലംഘനമാണ് 38 വിദ്യാര്‍ത്ഥികള്‍ നടത്തിയിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. ഇവരുടെ ഹൗസ്മാന്‍ഷിപ്പ് 10-20 ദിവസത്തിനുള്ളില്‍ അവസാനിക്കേണ്ടതായിരുന്നു, എന്നാല്‍ അത് 10 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്’- ബസവരാജ് ബൊമ്മനഹള്ളി വ്യക്തമാക്കി.

Top