തിരുവനന്തപുരം: അരിവില പിടിച്ചു നിര്‍ത്തുന്നതിന് സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ് നടപടി പ്രഖ്യാപിച്ചു. റേഷന്‍കടകള്‍ വഴിയുള്ള പച്ചരിവിഹിതം അന്‍പത് ശതമാനമായി ഉയര്‍ത്തി. പൊതുജനങ്ങള്‍ക്ക് താത്പര്യമുള്ള ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കുമെന്നും,പത്ത് കിലോ അരി വീതം പൊതുവിഭാഗത്തിന് വിതരണം ചെയ്യുമെന്നും ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് അറിയിച്ചു.
സംസ്ഥാനത്ത് പൊതുജനം കൂടുതലായി ഉപയോഗിക്കുന്നത് ആന്ധ്രയില്‍ നിന്നുള്ള ജയ, സുരേഖ, ബോണ്ടാലൂ തുടങ്ങിയ ഇനത്തിലുള്ള അരിയാണ്. എന്നാല്‍ നിലവില്‍ പൊതുവിതരണത്തിന് എഫ്‌സിഐയില്‍ നിന്ന് ലഭിക്കുന്നത് പഞ്ചാബില്‍ നിന്നുള്ള സോണാ മസൂരി അരിയാണ്. ഈ സാഹചര്യത്തില്‍ ആന്ധ്രയില്‍ നിന്നുള്ള അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കാന്‍ എഫ്‌സിഐയുമായി ധാരണയായി. പച്ചരി വിഹിതം 50 ശതമാനമായി ഉയര്‍ത്തി. സംസ്ഥാനത്തെ വിവിധ മേഖലകളിലെ ജനങ്ങളുടെ ആവശ്യവും താത്പര്യവും കണക്കിലെടുത്ത് വിതരണം ഉറപ്പ് വരുത്താന്‍ താലൂക്ക് സപ്‌ളൈ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.
വിപണിയില്‍ അരിവില പിടിച്ചു നിര്‍ത്താന്‍ പൊതുവിഭാഗത്തില്‍പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരിവീതം നല്‍കും. ഇതില്‍ 7 കിലോ 10 രൂപ 90 പൈസ നിരക്കിലും, 3 കിലോ 15 രൂപ നിരക്കിലും നല്‍കും. നീല കാര്‍ഡുടമകള്‍ക്ക് 3 കിലോ അരി 15 രൂപ നിരക്കില്‍ അധികമായി നല്‍കും. പൊതുവിപണിയില്‍ 30 രൂപക്ക് മുകളില്‍ വിലയുള്ള അരിയാണ് കുറഞ്ഞ വിലക്ക് നല്‍കുന്നതെന്നും ഇത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.