തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തില്‍ ആക്കണം എന്നാവശ്യപ്പട്ട് അഡ്വക്കേറ്റ് ജനറലിന് ഡിജിപിയുടെ കത്ത്. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. തെളിവുകള്‍ എല്ലാം ഹാജരാക്കിയിട്ടും വിചാരണ കോടതി ബിഷപ്പിനെ വെറുതെ വിടുകയാണ് ചെയ്തത്. പൊലീസിന് ലഭിച്ച നിയമോപദേശം അപ്പീല്‍ ഫയല്‍ ചെയ്യാം എന്നാണെന്നും ഡിജിപിയുടെ കത്തിലുണ്ട്.
ഇക്കഴിഞ്ഞ ജനുവരി പതിനാലിനാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി കോടതി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന്‍ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്.