ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി; ഒ.ഐ.സിയില്‍ ഉന്നയിക്കുമെന്ന് പാക്കിസ്ഥാന്‍

pakisthan flag

ഇസ്‌ലമാബാദ്: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷനില്‍ ഉന്നയിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ഒ.ഐ.സി യോഗത്തില്‍ കശ്മീരില്‍ ഇന്ത്യ കൈകൊണ്ട നടപടി ചര്‍ച്ചക്കെടുക്കുമെന്നും ഫൈസല്‍ ട്വിറ്ററില്‍ കുറിച്ചു. പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറൈഷിയാണ് ഒ.ഐ.സി യോഗത്തില്‍ പങ്കെടുക്കുക.

കശ്മീരിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ നീക്കവും യോഗം ചര്‍ച്ച ചെയ്യും. ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റിനെയും കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കത്തെയും ശക്തമായി അപലപിക്കുവെന്നാണ് ഒ.ഐ.സി പ്രസ്താവനയില്‍ അറിയിച്ചിരുന്നത്.

കശ്മീരിലെ ഇന്ത്യന്‍ സൈനിക നീക്കം ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ രേഖപ്പെടുത്തി പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറൈഷി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് കത്തെഴുതിയിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയിരുന്നു.

Top