വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും; എംഎല്‍എ റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് എം വിപ്പ് നല്‍കിയിട്ടുണ്ടെന്നും അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കേരള കോണ്‍ഗ്രസ് എം ജോസ് പക്ഷത്തെ എം.എല്‍.എ റോഷി അഗസ്റ്റിന്‍. പാര്‍ട്ടിയിലെ ഔദ്യോഗിക വിപ്പ് തന്റേതാണ്, വിപ്പ് നല്‍കാനുളള അധികാരം തനിക്കാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുമ്പ് തന്നെ യു.ഡി.എഫ് തങ്ങളെ പുറത്താക്കിയതാണ്. വീണ്ടും പുറത്താക്കുമെന്നാണ് പറയുന്നത്. ഒരിക്കല്‍ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുമെന്ന് പറയുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം ഇന്നുവരെ പറഞ്ഞിട്ടില്ല. മാണി സാറിന്റെ ഓര്‍മകളെ കുത്തിനോവിക്കുകയാണ് യു.ഡി.എഫ്. ഇത് എന്തിനാണെന്നും റോഷി അഗസ്റ്റിന്‍ ചോദിച്ചു.

ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിനും, ജോസഫ് വിഭാഗത്തിനായി മോന്‍സ് ജോസഫുമാണ് വിപ്പ് പുറപ്പെടുവിച്ചത്. സര്‍ക്കാറിനെതിരായ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തേയും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയേയും അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ജോസ് വിഭാഗത്തോട് യുഡിഎഫ് നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു.

Top