തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്ര തീരത്തെത്തിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക സംഘത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. ഇതിനായി ക്രൈംബ്രാഞ്ച് എസ്.പി ഡോ.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കി അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് സംഘത്തിന്റെ ദൗത്യം.
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായെന്ന് കരുതിയ 68 ബോട്ടുകള്‍ മഹാരാഷ്ട്രയുടെ തീരത്ത് കഴിഞ്ഞ ദിവസമാണ് സുരക്ഷിതമായെത്തിയത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള 2 ബോട്ടുകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ ഉള്‍പ്പെടുന്ന സിന്ധുദുര്‍ഗിലാണ് ബോട്ടുകള്‍ സുരക്ഷിതമായി എത്തിയത്. ബോട്ടുകളില്‍ 952 മത്സ്യത്തൊഴിലാളികളുണ്ടെന്നും ഇവര്‍ സുരക്ഷിതരാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.