ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി ചരിത്ര വിജയം നേടുമെന്ന അവകാശവാദവുമായി പ്രവര്‍ത്തകര്‍ രംഗത്ത്. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രവര്‍ത്തകരാണ് എക്‌സ്പ്രസ്സ് കേരളയോട് പ്രതികരിച്ചത്. ഇത്തവണ മിനിമം ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന് പ്രതികരണത്തില്‍ പങ്കെടുത്ത എല്ലാ പ്രവര്‍ത്തകരും പറഞ്ഞു. നാലും അഞ്ചും സീറ്റുകള്‍ ലഭിക്കും എന്നത് മുതല്‍ മുഴുവന്‍ സീറ്റുകളും നേടുമെന്നുമുള്ള പ്രതികരണങ്ങള്‍ വരെ ഉണ്ടായി. തൃശ്ശൂരില്‍ സുരേഷ് ഗോപി ഇത്തവണ വിജയ കൊടി പാറിക്കുമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പ്രതികരണം നടത്തിയതും ശ്രദ്ധേയമായി. ഇത്തവണ കേരളത്തില്‍ തങ്ങളുടെ വോട്ടു വിഹിതം കൂടുമെന്നും ബി.ജെ.പി. പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
കേരളത്തിലെ ഭരണ പരാജയവും ലോക നേതാക്കളുടെ വരെ കയ്യടി വാങ്ങുന്ന കേന്ദ്രത്തിലെ ഭരണ മികവുമാണ് പ്രധാനമായും തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കാരണമാകുക എന്നാതാണ് പ്രവര്‍ത്തകരുടെ ഭാഷ്യം. സാധാരണക്കാര്‍ക്ക് വേണ്ടി നരേന്ദ്ര മോദി നടത്തിയ നിരവധി പദ്ധതികള്‍ കുറേ അധികം ആളുകള്‍ക്ക് പ്രയോജനപ്പെട്ടത് ഇത്തവണ വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വ്യക്തിത്വത്തിന്റെ മികവും വോട്ടായി മാറുമെന്നും രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാവരോടും ഒരു പോലെ ഇടപെഴകുന്ന അദ്ദേഹത്തെ ജനങ്ങള്‍ സ്വീകരിക്കുമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇത്തവണ ‘ഹിന്ദു ഏകീകരണം’ ഉണ്ടാകും എന്ന അഭിപ്രായവും ബി.ജെ.പി. പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായി.
സംസ്ഥാനത്ത് ഇടത്, വലത് മുന്നണികളെ ഒരേ പോലെ ബി.ജെ.പി എതിരാളികളായാണ് കാണുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ബി.ജെ.പി വിജയിക്കാന്‍ സാധ്യത ഉള്ള ഘട്ടങ്ങളില്‍ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അവരുടെ ഭയം കൊണ്ടാണെന്നും പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. കമ്മ്യൂണിസത്തോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് നില്‍ക്കുന്ന ഹിന്ദു മതത്തില്‍പ്പെട്ട ആളുകളാണ് കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് തടസമായി നില്‍ക്കുന്നതെന്നും ഒരു പ്രവര്‍ത്തകന്‍ പ്രതികരിക്കുക ഉണ്ടായി. (കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ എക്‌സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണങ്ങള്‍ കാണുക)