മണി ഹീസ്റ്റിലെ ‘ബെല്ലാ ഛൗ’ പാടി അഹാന; ശ്രുതി പോരെന്ന കമന്റുമായി കാളിദാസ്

നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന സ്പാനിഷ് ടി.വി. സീരിസായ മണി ഹീസ്റ്റിലാണ് ഇപ്പോള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും. ഇപ്പോഴിതാ നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയാണ് പുതിയതായി മണി ഹീസ്റ്റിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

സീരിസിലെ ഗാനമായ ‘ബെല്ലാ ഛൗ’ പാടുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തനിക്കും ഇത് പോലെ വ്യത്യസ്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയുടെയോ മറ്റോ ഭാഗമാകണമെന്ന ആഗ്രഹവും താരം തുറന്നു പറഞ്ഞു.

‘മണി ഹീസ്റ്റ് പോലുള്ള വ്യത്യസ്തമായ രീതിയിലുള്ള വിഷയങ്ങളുടെ ഭാഗമാകണം. ഇത് എന്താണെന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍. ഇത് ഒരു പാട്ടാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോള്‍ ഇതിന്റെ പിറകിലാണ്.’ എന്ന അടിക്കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേര് കണ്ടു. എന്നാല്‍ നടന്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ പ്രതികരണമാണ് ഇതില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഏറ്റെടുത്തിരിക്കുന്നത്.

ശ്രുതി ശരിയായില്ല എന്നായിരുന്നു കാളിദാസിന്റെ കമന്റ്.’സ്വീകരണ മുറിയില്‍ നിന്നും കിടപ്പുമുറിയിലേക്കും തിരിച്ചു അടുക്കളയിലേക്കും നടക്കുന്ന തിരക്കിലാണോ?’ എന്നാണ് നടി ഇതിന് കൊടുത്ത മറുപടി. ഏയ് അത്രയും ദൂരം നടക്കണോ എന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നായി കാളിദാസ്. ‘നിങ്ങള്‍ ഒരു മഹാനാണ്’എന്നായിരുന്നു ഇതിന് അഹാനയുടെ മറുപടി.

Top