കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗീസ് അറസ്റ്റില്‍.
കളമശേരി പോലീസാണ് അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജുവിനെ ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 (എ) വകുപ്പാണ് അജുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
തനിക്കെതിരേയുള്ള രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അജു വര്‍ഗീസിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കാണിച്ച നടി നല്‍കിയ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
അജുവിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തതോടെയാണ് കോടതി കേസ് നടക്കട്ടെയെന്ന് വിധിച്ചത്. കേവലം വ്യക്തിപരമായ പ്രശ്‌നമല്ലിതെന്നും കേസ് പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
ഫെബ്രുവരി 17 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് നടന്‍ ദിലീപിനെതിരേ അന്വേഷണം തിരിഞ്ഞ ഘട്ടത്തിലാണ് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നടിയുടെ പേരെടുത്തു പറഞ്ഞ് പോസ്റ്റിട്ടത്. നടിക്ക് പിന്തുണ അറിയിക്കുന്നതിനൊപ്പം സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും അജു വ്യക്തമാക്കിയിരുന്നു.