നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നടന്‍ ക്യാപ്ടന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി അഞ്ഞൂറലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്ടന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

കൊച്ചിയിലെ വസതിയിലായിരുന്നു രാജുവിന്റെ അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിടെയാണ് നടന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. എത്തിഹാദ് വിമാത്തിലായിരുന്നു യാത്ര. ഇതിനിടെ മസ്‌കറ്റില്‍ അടിയന്തര ചികിത്സ തേടുകയായിരുന്നു നടന്‍ ക്യാപ്റ്റന്‍ രാജു. അതിന് ശേഷം കൊച്ചിയില്‍ മടങ്ങിയെത്തി ചികില്‍സ തുടര്‍ന്നു. ഇതിനിടെയാണ് മരണം.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ എന്ന സ്ഥലത്താണ് രാജു ജനിച്ചത്. സുവോളജിയില്‍ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളില്‍ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും.

സ്വഭാവ നടനായിട്ടൂം വില്ലന്‍ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിട്ടുള്ളത്. 1997 ല്‍ ഇതാ ഒരു സ്‌നേഹഗാഥ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. രാജു മലയാളം സീരിയലുകളിലും അഭിനയിക്കുന്നു. ‘ഇതാ ഒരു സ്‌നേഹഗാഥ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.

1950 ജൂണ്‍ 27ന് ഓമല്ലൂരില്‍ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂര്‍ ഗവ: യു.പി. സ്‌കൂളിലും എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജില്‍ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.

പ്രമീളയാണ് രാജുവിന്റെ ഭാര്യ. ഇവര്‍ക്ക് രവി എന്ന പേരില്‍ ഒരു മകനുണ്ട്.

Top