കൊച്ചി: സോഷ്യല്‍ മീഡിയയുടെ സിനിമാ വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ ദിലീപ്.
സോഷ്യല്‍ മീഡിയകളിലെ ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ പലതും വളരെ ക്രൂരമാണെന്ന് താരം അഭിപ്രായപ്പെട്ടു.
അത് പലരെയും വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്തിട്ടുള്ളതാണ്.എല്ലാവരും പെര്‍ഫക്ടല്ല, ശ്രമങ്ങളാണ് എല്ലാവരും നടത്തുന്നത്. വേറൊരാളുടെ സൃഷ്ടിയെ മറ്റുള്ളവര്‍ കളിയാക്കുന്നതിനോടോ തെറി പറയുന്നതിനോടോ വ്യക്തിപരമായി തനിക്ക് യോജിക്കാന്‍ കഴയില്ലെന്നും ദിലീപ് തുറന്നടിച്ചു.
ഒരു വിമര്‍ശകന്റെ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും നമ്മള്‍ നന്നാകാനാണോ ഇയാള്‍ പറയുന്നതെന്ന്.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത്‌പോലെ തന്നെ അവനവന് ഇഷ്ടമുള്ള സൃഷ്ടികള്‍ ഉണ്ടാക്കാനുള്ള സ്വാതന്ത്യവുമുണ്ട്.
നല്ല നിരൂപകരും വിമര്‍ശകരും സംസ്ഥാനത്തുണ്ട്. പക്ഷേ ഇപ്പോഴത്തെ പല വിമര്‍ശകര്‍ക്കും വിമര്‍ശിക്കാനുള്ള യോഗ്യത പോലുമില്ലെന്നും ദിലീപ് പരിഹസിച്ചു.
ആദ്യം ഇവരൊക്കെ കുറ്റമറ്റ രീതിയില്‍ ഒരു സിനിമയെടുത്ത് കാണിക്കട്ടെ. എന്നിട്ട് വേണം വിമര്‍ശിക്കാന്‍ വരാന്‍.
സിനിമയെക്കുറിച്ച് ഒരു പരിധി വരെയൊക്കെ എഴുതാം. പക്ഷേ അത് കാണരുത് എന്ന് എഴുതാനുള്ള അവകാശം ആര്‍ക്കുമില്ല. അത് ഒരാളോട് ചെയ്യുന്ന ക്രൈം ആണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ദിലീപ് പറഞ്ഞു.