കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് വിവരം.
ആക്രമിച്ച ആളും ആക്രമണത്തിന് നിര്‍ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
നിലവില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ പൊലീസിന് ഇതു വരെ കഴിഞ്ഞിട്ടില്ലെന്നാണ് നിഗമനം.
കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
നടി ഉപദ്രവിക്കപ്പെട്ട് എട്ടു മാസം തികഞ്ഞ ചൊവ്വാഴാച കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചതെങ്കിലും മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മാറ്റുകയായിരുന്നു.
നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
സമീപകാലത്തു കേരള പൊലീസ് തയ്യാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.