നടന്‍ ദിലീപിനെ തിരിച്ചെടുത്തു; പൃഥ്വിരാജ് വിഭാഗത്തിനും മാധ്യമങ്ങള്‍ക്കും വന്‍ തിരിച്ചടി

dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിനെ തുടര്‍ന്ന്‌ താരസംഘടനയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ’അമ്മ’ തിരിച്ചെടുത്തു. പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ച മമ്മൂട്ടിക്കും അതിനു വേണ്ടി ശബ്ദമുയര്‍ത്തിയ യുവതാരങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കുന്നതാണ് തീരുമാനം. ദിലീപ് വിരുദ്ധ വാര്‍ത്തകള്‍ കൊടുത്ത മാധ്യമങ്ങളും ‘ശശി’യായി. മാധ്യമ പടയെ പുറത്ത് നിര്‍ത്തിയാണ് താരസംഘടന നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. സാങ്കേതികമായി പോലും പുറത്താക്കല്‍ തീരുമാനം നിലനില്‍ക്കില്ലന്നും ആരോട് ചോദിച്ചാണ് പുറത്താക്കിയതെന്നും മിക്ക താരങ്ങളും പൊട്ടിത്തെറിച്ചു. വനിതാ സിനിമാ സംഘടനക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി.

dileep1

ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര നിര്‍വാഹക സമിതി യോഗമാണു ട്രഷററായിരുന്ന ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചത്. കമ്മിറ്റിയിലുണ്ടായിരുന്ന യുവ അഭിനേതാക്കളുടെ ശക്തമായ നിലപാടിനെത്തുടര്‍ന്നായിരുന്നു നടപടിയെങ്കിലും ഇതു ചട്ടപ്രകാരമായിരുന്നില്ല. 17 അംഗ നിര്‍വാഹക സമിതിയില്‍ എട്ടു പേരാണ് അന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.

സംഘടനാചട്ടം അനുസരിച്ച് അടിയന്തര സാഹചര്യത്തില്‍ അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നാലും അവിടെ എടുക്കുന്ന തീരുമാനം അടുത്ത നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനം ബന്ധപ്പെട്ട വ്യക്തിയെ അറിയിച്ച് വിശദീകരണം തേടണം എന്നാണ്. അതു തൃപ്തികരമല്ലെങ്കില്‍ കമ്മിറ്റിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ വീണ്ടും അവസരം നല്‍കിയിട്ടു വേണം നടപടിയെടുക്കാന്‍. മുന്‍പു തിലകനെതിരെ നടപടിയെടുത്തത് ഈ രീതിയിലായിരുന്നെന്നും ദിലീപിനെ പുറത്താക്കിയതില്‍ ഇതു പാലിക്കപ്പെട്ടില്ല എന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

dileep2

സമ്മര്‍ദം ശക്തമായിരുന്ന അന്നത്തെ സാഹചര്യത്തില്‍ കടുത്ത നിലപാടെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ചുരുക്കത്തില്‍ ദിലീപിനെ പുറത്താക്കി എന്നതു ‘പ്രഖ്യാപനം’ മാത്രമാണ്. മാത്രമല്ല, രണ്ടു മാസം കഴിഞ്ഞു ചേര്‍ന്ന നിര്‍വാഹകസമിതി യോഗം ഈ പുറത്താക്കല്‍ പ്രഖ്യാപനം മരവിപ്പിച്ചിരുന്നതായി ഭാരവാഹികള്‍ വെളിപ്പെടുത്തുന്നു. അടുത്ത വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിക്കാം എന്നതായിരുന്നു നിലപാട്. അതിനാലാണ് ഇന്നത്തെ യോഗത്തില്‍ ഈ വിഷയത്തില്‍ വ്യക്തമായ തീരുമാനമെടുത്തത്. ദിലീപിനോടു നീതി കാട്ടിയില്ലെന്ന നിലപാടുള്ള വലിയ വിഭാഗം ‘അമ്മ’യ്ക്കുള്ളിലുണ്ട്.

അവരുടെ രോഷമാണ് ഞായറാഴ്ചയിലെ യോഗത്തില്‍ പൊട്ടിത്തെറിയില്‍ കലാശിച്ചത്. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ചില യുവതാരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നത് ഈ എതിര്‍പ്പ് മുന്‍കൂട്ടി കണ്ടാണ്.

എക്‌സിക്യുട്ടീവിലെ വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ അറിഞ്ഞപ്പോള്‍ തന്നെ ഇനി മത്സരിച്ചാല്‍ എട്ടു നിലയില്‍ പൊട്ടുമെന്ന ഭീതി ദിലീപ് വിരുദ്ധര്‍ക്കുണ്ടായിരുന്നു. അമ്മ ഭാരവാഹി ആയില്ലെങ്കിലും സംഘടനയിലേക്കുള്ള ദിലീപിന്റെ മടങ്ങിവരവ് എതിരാളികള്‍ക്കുള്ള വ്യക്തമായ സന്ദേശം തന്നെയാണ്.

ഇതോടെ വീണ്ടും മലയാള സിനിമ ദിലീപിന്റെ നിയന്ത്രണത്തിലായിരിക്കുകയാണ്. ഭാരവാഹികളില്‍ ബഹുഭൂരിപക്ഷവും ദിലീപിനൊപ്പമാണ് എന്നതും ശ്രദ്ധേയമാണ്.

Top