Actor-Dileep-Service-Tax-Raid Issue- CBI SP letter to the Commissioner of Central Excise

കൊച്ചി: സേവന നികുതി വെട്ടിപ്പ് നടത്തിയത് സംബന്ധമായി നടന്‍ ദിലീപിന്റെ വീട്ടിലും ഓഫീസിലും സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡിന്റെ വിശദാംശം ആവശ്യപ്പെട്ട് സിബിഐ സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

സിബിഐ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്.പിയാണ് ഇതു സംബന്ധമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറോട് വിശദീകരണം തേടിയത്.

2013 ഡിസംബറില്‍ കൊച്ചി സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് ദിലീപിന്റെ ആലുവയിലെ വസതിയിലും ചിറ്റൂര്‍ റോഡിലുള്ള അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ഇതോടൊപ്പം തന്നെ സംവിധായകന്‍ ലാല്‍ ജോസ്, ക്യാമറാമാന്‍ പി സുകുമാര്‍ എന്നിവരുടെ വസതികളിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.

ദിലീപിന്റെ വീട്ടില്‍ നിന്ന് കണക്കില്‍ പെടാത്ത പണവും രേഖകളും പിടിച്ചെടുത്തതായി മാധ്യമങ്ങള്‍ അടക്കം ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സേവന നികുതി അടയ്ക്കാതെ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന പ്രസ്തുത റെയ്ഡുമായി ബന്ധപ്പെട്ട് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സിബിഐ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ എ.എം ഭക്തവത്സലനാണ് സിബിഐയെ സമീപിച്ചിരുന്നത്.

ഉന്നത സ്വാധീനം ഉപയോഗിച്ച് വലിയ നികുതി തട്ടിപ്പ് ഒതുക്കി തീര്‍ത്തോയെന്ന് സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപ് അടക്കമുള്ള സിനിമാ രംഗത്തെ മിക്ക താരങ്ങളും ലാഭവിഹിതം ‘വഴിവിട്ട’ രൂപത്തില്‍ സ്വീകരിക്കുന്നത് വിതരണ കമ്പനി, സാറ്റലൈറ്റ്, ഓവര്‍സീസ് മുഖാന്തരമാണെന്നും ഇതിലൂടെ വന്‍ നികുതി വെട്ടിപ്പാണ് നടക്കുന്നതെന്നും വിവരം ലഭിച്ചിരുന്നതിനെ തുടര്‍ന്നായിരുന്നു സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നത്.

അസിസ്റ്റന്റ് കമ്മീഷണര്‍ പ്രിവന്റ്യൂ ഓഫീസറുടെ മുന്നില്‍വച്ച് പിടിച്ചെടുത്ത പണത്തിന്റെയും രേഖകളുടെയും ആധികാരികത ബോധ്യപ്പെടുത്താന്‍ സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതില്‍ ഒത്തുകളി നടന്നതായാണ് ആക്ഷേപം.

സെന്‍ട്രല്‍ എക്‌സൈസും ആദായനികുതി വകുപ്പും അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ മോണിറ്റര്‍ ചെയ്യുന്നതും ഇവരുടെ ഇടപെടലുകള്‍ പരിശോധിക്കുന്നതും സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്.

ദിലീപിനെതിരായി ലഭിച്ച പരാതി സഹിതമാണ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറോട് സിബിഐ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.

Top