ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ബജാജിന്റെ സിടി 100 ബൈക്ക് വാങ്ങി പ്രതിഷേധ യാത്രയ്ക്ക് ഒരുങ്ങി നടന്‍ ജിനോ ജോണ്‍. കാറും ജീപ്പും ഒഴിവാക്കി ഇനി മുതല്‍ തന്റെ യാത്രകള്‍ ബൈക്കില്‍ ആയിരിക്കുമെന്നും ഈ ശനിയാഴ്ച ആദ്യ പ്രതിഷേധ യാത്ര തുടങ്ങുകയാണെന്നും നടന്‍ കുറിച്ചു.
ജിനോ ജോണിന്റെ കുറിപ്പ്:
”കമോണ്‍ട്രാ മഹേഷേ”, എല്ലാവര്‍ക്കും നമസ്‌ക്കാരം,
ഞാന്‍ ബജാജിന്റെ സിടി 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ആര്‍. സി ബുക്ക് ഇന്നലെ ആണ് കിട്ടിയത്. ഇത്രയും നാളും ഞാന്‍ യാത്രകള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന കാറും ജീപ്പും ഇനി ഉപയോഗിക്കുന്നില്ല. അത് വില്‍ക്കാനാണ് പ്ലാന്‍. ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ എന്റെ യാത്രകള്‍ CT 100 ബൈക്കിലായിരിക്കും.
ബൈക്കിന് പേരിട്ടു….’മഹേഷ്’… ഈ ഇലക്ഷന്‍ കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധനവില വര്‍ധനയാണെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ പെട്ട് അത് ആരും ഓര്‍ക്കാതെയായി. ഇന്ധനവില വര്‍ധനയുടെ തിക്താനുഭവങ്ങള്‍ കൃത്യമായി അറിയുന്നതു കൊണ്ട് ഞാന്‍ പ്രതിഷേധിക്കാന്‍ തിരുമാനിച്ചു. ആദ്യ പ്രതിഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ നിന്ന് കന്യാകുമാരിയിലേക്ക്…
സിനിമാ അഭിനയത്തിനിടയില്‍ ഇനി കിട്ടുന്ന സമയങ്ങള്‍ ചെറുതും, വലുതുമായ യാത്രകള്‍ നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പിന്നാലെ, ഒരു ഓള്‍ ഇന്ത്യ ട്രാവലിങ്. ഇതിനിടയില്‍ കണ്ടെത്തുന്ന സ്ഥലങ്ങളും, ആളുകളെയും, അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ ഒരു ട്രാവല്‍ ബ്ലോഗ് ചാനലും തുടങ്ങി. അപ്പോള്‍ ഞാനും എന്റെ മഹേഷും യാത്ര ആരംഭിക്കുന്നു… എല്ലാവരുടെയും, പ്രാര്‍ത്ഥനയും, കരുതലും, സ്നേഹവും പ്രതിക്ഷിച്ചു കൊണ്ട് സ്വന്തം ജിനോ ജോണ്‍.