മുംബൈ: മഹാഭാരതം ടെലിവിഷന്‍ പരമ്പരയില്‍ ശകുനിയായി വേഷമിട്ട് പ്രസിദ്ധനായ നടന്‍ ഗുഫി പെയിന്റല്‍(79) അന്തരിച്ചു. പരമ്പരയില്‍ ശകുനിയുടെ കഥാപാത്രത്തെയാണ് ഗുഫി പെയിന്റല്‍ അവതരിപ്പിച്ചത്. മഹാഭാരതത്തിന്റെ കാസ്റ്റിംങ് സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1944 ഒക്ടോബര്‍ 4 ന് പഞ്ചാബിലാണ് ഗുഫി പെയിന്റല്‍ ജനിച്ചത്. പ്രശസ്ത ഹാസ്യനടനും സ്വഭാവ നടനുമായ പെയ്ന്റലിന്റെ മൂത്ത സഹോദരനാണ് അദ്ദേഹം. എഞ്ചിനീയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് വിനോദരംഗത്തേക്ക് തിരിയുന്നത്. മുംബൈയിലെത്തിയ ശേഷം മോഡലിംങ് രംഗത്ത് പ്രവര്‍ത്തിച്ചു.
1975 ല്‍ പുറത്തിറങ്ങിയ റാഫൂ ചക്കര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദില്ലഗി, ദേശ് പര്‍ദേശ്, സുഹാഗ്, ദാവാ, ഖൂം, സമ്രാട്ട് ആന്റ് കോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
1986 ല്‍ ദൂരദര്‍ശന്റെ ബഹാദൂര്‍ ഷാ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ബി.ആര്‍ ചോപ്ര നിര്‍മിച്ച മഹാഭാരതില്‍ ശകുനിയായി വേഷമിട്ടു. നിതീഷ് ഭരദ്വാജ്, മുകേഷ് ഖന്ന, രൂപ ഗാംഗുലി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹാഭാരതം വലിയ ജനപ്രീതി നേടിയതോടെ ഗുഫി പെയിന്റലിന്റെ ശകുനി വേഷവും ശ്രദ്ധേയമായി. ഈ കഥാപാത്രം ഒട്ടേറെ ആരാധകരെയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.
കാനൂന്‍, സൗദ, ഓം നമ ശിവായ, സിഐഡി, കരണ്‍ സംഗിനി, ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ്, രാധാകൃഷ്ണ, ജയ് കന്യ ലാല്‍ കി തുടങ്ങിയ പരമ്പരകളിലും വേഷമിട്ടു. രേഖ പെയിന്റലാണ് ഭാര്യ.