കൊച്ചി:പെരുമാറ്റം കൊണ്ടും അഭിനയം കൊണ്ടും മനസ്സ് കീഴടക്കിയ ചെറുപ്പക്കാരനായിരുന്നു ജിഷ്ണുവെന്ന് നടനും എം പി യുമായ ഇന്നസെന്റ് പറഞ്ഞു. ജിഷ്ണുവിനെ പരിചയപ്പെടുന്നതിന് കാലങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തിന്റെ അച്ഛന്‍ രാഘവനുമായി ബന്ധമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി അലഞ്ഞുനടക്കുമ്പോള്‍ രാഘവന്‍ സിനിമയില്‍ ഹീറോയാണ്. അതിന് ശേഷം അദ്ദേഹം വിവാഹിതനായി. അദ്ദേഹത്തിനൊരു മകനുണ്ടായി. ജിഷ്ണു.
കാലങ്ങള്‍ക്ക് ശേഷം ജിഷ്ണുവിനൊപ്പം പിന്നെ ഞാന്‍ അഭിനയിച്ചു നമ്മള്‍ എന്ന സിനിമയിലൂടെ. നമ്മുടെ ചെറുപ്പക്കാരുടെ ഇടയില്‍ ഇത്രയും നന്നായി പെരുമാറുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ നമ്മള്‍ എന്ന സിനിമയിലും അദ്ദേഹം നന്നായി അഭിനയിച്ചു. കമല്‍ ആണ് എനിക്ക് ജിഷ്ണുവിനെ പരിചയപ്പെടുത്തി തരുന്നത് ഇന്നസെന്റ് പറഞ്ഞു.
ജിഷ്ണുവിന് അസുഖമാണെന്ന് അറിഞ്ഞപ്പോഴൊക്കെ ഞാന്‍ ഡോക്ടര്‍ ഗംഗാധരനോട് അസുഖവിവരം തിരക്കാറുണ്ടായിരുന്നു. നമുക്ക് നോക്കാം, ശ്രമിക്കാം എന്നൊക്കെയാണ് അപ്പോള്‍ ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നത്. ഈ അടുത്ത കാലത്ത് കാണുമ്പോള്‍ വളരെ ക്ഷീണിതനാണ് എന്ന് എനിക്ക് തോന്നിയിരുന്നു. ശബ്ദം പോലും പുറത്തുവരുന്നുണ്ടായിരുന്നില്ല. എന്നിട്ടും കണ്ടപ്പോള്‍ എന്നെ ആശ്വസിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. എനിക്ക് ധൈര്യം നല്‍കുകയാണ് ചെയ്തത്, ജിഷ്ണുവിന്റെ ധൈര്യത്തെ, മനഃശക്തിയെ ഞാന്‍ ഓര്‍ത്തുപോകുകയാണ്.
എന്തായാലും മലയാള സിനിമയില്‍ ഒന്നും ആകാന്‍ പറ്റിയില്ല എന്നതില്‍ വിഷമമുണ്ട്. ജീവിതം കുറച്ചുകൂടി പൂര്‍ത്തിയാക്കാന്‍ കഴിയാതെ നമ്മെ വിട്ടു പോയ ജിഷ്ണുവിന് നമുക്ക് ആത്മശാന്തി നേരാം ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.