മതമോ, നിറമോ, രാഷ്ട്രീയമോ ഒന്നും നോക്കാതെ കാവലായി നില്‍ക്കുന്ന സുരേഷേട്ടന് ബിഗ് സല്യൂട്ട്

സുരേഷ് ഗോപിയെ പ്രശംസിച്ച് നടന്‍ ജെയ്‌സ് ജോസ്. ലുക്കീമിയ ബാധിച്ച് അവശനിലയിലായ അയര്‍ലന്റിലുള്ള വിദ്യാര്‍ഥിയെ നാട്ടിലെത്തിക്കാന്‍ സുരേഷ് ഗോപി എടുത്ത പരിശ്രമത്തെക്കുറിച്ചാണ് ജെയ്‌സിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

സംസ്ഥാനമോ, മതമോ, നിറമോ, രാഷ്ട്രീയമോ ഒന്നും നോക്കാതെ ഏത് സമയത്തും നമ്മള്‍ക്കു കാവലായി നില്‍ക്കുന്ന സുരേഷേട്ടന് എന്റെ ബിഗ് സല്യൂട്ട് എന്നും ജെയ്‌സ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ഒരു സൂപ്പര്‍സ്റ്റാര്‍, ഒരു എംപി എന്നതിലുപരി സുരേഷ് ഗോപി എന്ന മനുഷ്യന്റെ നന്മ ഞാന്‍ ഒരുപാട് കേട്ടറിഞ്ഞിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ നന്മ തൊട്ടറിഞ്ഞ ഒരു നിമിഷത്തെ പറ്റിയുള്ളതാണ് ഈ കുറിപ്പ്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഞാന്‍ എന്റെ കസിന്‍ ബ്രദറിന്റെ മെസ്സേജ് കണ്ടാണ് ഉണരുന്നത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ തളര്‍ന്ന അവസ്ഥയിലുള്ള ഒന്നായിരുന്നു അത്.

അവരുടെ കൂടെ അയര്‍ലണ്ടില്‍ പഠിക്കുന്ന കുട്ടിക്ക് (പ്രൈവസി മാനിച്ചു പേരുകള്‍ വെളിപ്പെടുത്തുന്നില്ല) ലുക്കിമിയ ഡയഗ്നോസ് ചെയ്തു, രണ്ടു തവണ കീമോതെറാപ്പി കഴിഞ്ഞ അവള്‍ക് കുറച്ഛ് ആഴചകളോ മാസങ്ങളോ ആയുസ്സ് ആണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.
ഈ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തില്‍, നാട്ടില്‍ പോയി മാതാപിതാക്കളുടെ അടുത്ത് കഴിഞ്ഞു കൊണ്ട് കീമോ തുടരുവാന്‍ അവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒരു നിമിഷം അവളുടെയും അവളുടെ മാതാപിതാക്കളുടെ മുഖം എന്റെ മനസ്സില്‍ വന്നു, എത്രമാത്രം ഹൃദയഭാരത്തോടെ ആയിരിക്കും അവര്‍ ഓരോ നിമിഷവും തള്ളി നീക്കുക എന്നത് നമുക്ക് എളുപ്പം മനസിലാകും, പരസ്പരം കാണാതെ ഈ ലോകം വിട്ടു പോകുക എന്നത് ചിന്തിക്കാനാകുന്ന ഒന്നല്ല എന്ന് നമുക്കെല്ലാവര്കും അറിയാം.

ഈ കുട്ടിയെ അടിയന്തിരമായിട്ടു നാട്ടില്‍ എത്തിക്കാനുള്ള അവസാന പരിശ്രമമെന്ന നിലയിലാണ് എന്റെ കസിന്‍ എനിക്ക് മെസ്സേജ് അയക്കുന്നത്, കാരണം വളരെയേറെ വാതിലുകള്‍ അവര്‍ മുട്ടിക്കഴിഞ്ഞിരുന്നു ഇതിനകം. ഞാന്‍ സിനിമ ഫീല്‍ഡില്‍ ഉള്ളതിനാലും, ഇപ്പോള്‍ ഞാന്‍ സുരേഷേട്ടന്റെ കാവല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനാലും എനിക്ക് അദ്ദേഹവുമായി എന്തെങ്കിലും ബദ്ധം ഉണ്ടാകും എന്നവര്‍ ഊഹിച്ചിരിക്കാം.

ഞാന്‍ മെസ്സേജ് വായിച്ച ഉടനെ അവനെ തിരിച്ചു വിളിച്ചു, ഇത്തരം കാര്യങ്ങള്‍ക് ഫോണെടുത്തു വിളിക്കുന്നതിന് പകരം എന്തിനാണ് മെസ്സേജ് അയക്കുന്നത് എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു.

സുരേഷേട്ടന്റെയും മാനേജര്‍ സിനോജിന്റെയും നമ്പര്‍ അവര്ക് അയച്ചു കൊടുത്തു. അല്പസമയത്തിനുള്ളില്‍ സുരേഷ് സാറിനെ കിട്ടിയില്ല പക്ഷെ മാനേജര്‍ ഈ വിവരം സുരേഷ് സാറിന്റെ അടുത്ത് എത്തിച്ചുകൊള്ളാം എന്ന് ഉറപ്പ് പറഞ്ഞെന്നും അറിയിച്ചു. പക്ഷെ സുരേഷേട്ടന്‍ ഇതറിയാന്‍ എന്തെങ്കിലും ഡിലെ വരുമോ എന്ന് ഭയന്ന് സുരേഷേട്ടനെ ഞാന്‍ വിളിക്കുന്നതിനേക്കാള്‍ നല്ലത് നിതിന്‍ രഞ്ജിപണിക്കര്‍ ആണെന്ന് എനിക്ക് തോന്നി. ഞാന്‍ ഉടനെ നിതിനെ വിളിച്ചു എന്റെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ വിവരങ്ങളും ഡോക്യൂമെന്റ്‌സും അയച്ചു കൊടുത്തു. ജെയ്സ്, ഞാന്‍ ഇത് ഉടനെ സുരേഷേട്ടന് എത്തിച്ചു കൊള്ളാമെന്നും സഞ്ജയ് പടിയൂരിന് കൂടെ ഇത് ഷെയര്‍ ചെയ്‌തേക്കൂ എന്നും നിതിന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ പോലെ ഞാന്‍ സഞ്ജയ് ഭായിയെ വിളിച്ചു വിവരം കൈമാറി അദ്ദേഹവും എനിക്ക് എല്ലാ സഹായവും ഉറപ്പ് തന്നു.

തൊട്ടുപിന്നാലെ സുരേഷേട്ടനെ എനിക്ക് ഫോണില്‍ ലഭിക്കുകയും ചെയ്തു, പിന്നെ നടന്നതെല്ലാം ഒരു സിനിമ ക്ലൈമാക്‌സ് പോലെ അതിശയിപ്പിക്കുന്നതായിരുന്നു. കോവിഡ് കാലമായതിനാല്‍ അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുക എന്നത് അസാധ്യമാണ്. പക്ഷെ അടിയന്തിര ഇടപെടല്‍ നിമിത്തം ഇന്ത്യന്‍ എംബസ്സിയുടെ എന്‍ ഓ സി ലഭിക്കുകയും, അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക് ഫ്‌ലൈറ്റ് ഇല്ലാത്തതിനാല്‍ കുട്ടിയേ ലണ്ടനില്‍ എത്തിക്കുകയും നെക്സ്റ്റ് ഫ്‌ലൈറ്റില്‍ അടിയന്തിരമായി ഇ കുട്ടിയുടെ പേര് ഫ്‌ലൈറ്റ് ലിസ്റ്റില്‍ ചേര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു.

ഈ കുട്ടി ഒരു മലയാളി അല്ല എന്നതാണ് മറ്റൊരു കാര്യം, സംസ്ഥാനമോ, മതമോ, നിറമോ, രാഷ്ട്രീയമോ ഒന്നും നോക്കാതെ ഏത് സമയത്തും നമ്മള്‍ക്കു കാവലായി നില്‍ക്കുന്ന സുരേഷേട്ടന് എന്റെ ബിഗ് സല്യൂട്ട്.

ജെയ്സ് ജോസ്.

Top