കുട്ടികര്‍ഷകര്‍ക്ക് ആശ്വാസവുമായ് നടന്‍ ജയറാമും അണിയറപ്രവര്‍ത്തകര്‍ രംഗത്ത്

കോട്ടയം: കുട്ടികര്‍ഷകര്‍ക്ക് ആശ്വാസവുമായ് നടന്‍ ജയറാമും സിനിമാ പ്രവര്‍ത്തകരും. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെ അരുമയായി വളര്‍ത്തിയ 13 കന്നുകാലികളാണ് കണ്‍മുന്നില്‍ ചത്തുവീണത്. സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കര്‍ഷകനായ ആശ്വസവുമായി ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.

നാലിനു നടത്താനിരുന്ന ചിത്രത്തിന്റ ട്രെയ്ലര്‍ ലോഞ്ചിങ് പരിപാടി വേണ്ടെന്നുവച്ച് അതിനായി മാറ്റിവച്ച 5 ലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് കൈമാറാനാണ് തീരുമാനം. ജയറാം ഇന്ന് നേരിട്ട് തൊടുപുഴയിലെത്തി തുക കൈമാറും. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍. അത്യാഹിതം കണ്ടു തളര്‍ന്നു വീണ മാത്യുവിനെയും ഷൈനിയെയും റോസ്മേരിയെയും ഞായറാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഇന്നലെ ഇവര്‍ വീട്ടിലേക്കു മടങ്ങി. മൂന്നു വര്‍ഷം മുന്‍പു പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്.

Top