ഞാന്‍ സ്ത്രീകളോടെ അപമര്യാദയായി പെരുമാറില്ല; മദ്യപിച്ചിട്ടില്ലെന്ന് നടന്‍ ജോജു

കൊച്ചി: പ്രതിഷേധത്തിനിടെ കള്ളുകുടിച്ചെത്തി വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. ‘ഞാന്‍ ഈ അവസരത്തില്‍ എന്നല്ല ഒരു അവസരത്തിലും സ്ത്രീകളോട് അപമര്യാദയായി പെരുമാറാറില്ല. കാരണം എനിക്കവരുടെ മൂല്യം അറിയാം. ഞാന്‍ വനിതാ പ്രവര്‍ത്തകയെ കണ്ടിട്ടു പോലുമില്ല.’- ജോജു പറഞ്ഞു.

ജോജു മദ്യപിച്ചാണ് ബഹളംവച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നെന്നും ഷിയാസ് പറഞ്ഞു. എന്നാല്‍ താന്‍ മദ്യപാനം നിര്‍ത്തിയിട്ട് 5 വര്‍ഷമായെന്ന് ജോജു പറഞ്ഞു. ആശുപത്രിയില്‍ പോയി മദ്യപിച്ചിട്ടില്ലെന്ന് ഞാന്‍ തെളിയിക്കും. ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്ക് തെറ്റ് തോന്നുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ജോജുവിനെ ആശുപത്രിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

ജനജീവിതം സ്തംഭിപ്പിച്ച് വൈറ്റില- ഇടപ്പള്ള ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയത്. ജോജുവിന്റെ പ്രതിഷേധത്തിന്റെ ഫലമായി സമരം അവസാനിപ്പിച്ച് വാഹനം കടത്തിവിട്ടു.

എന്നാല്‍ പ്രതിഷേധം അവസാനിപ്പിച്ച് പോയ ജോജുവിന്റെ കാറിന്റെ ചില്ല് തല്ലിതകര്‍ത്തു. ‘ഞാനേറെ ഇഷ്ടപ്പെട്ട് വാങ്ങിയ വാഹനത്തിന്റെ അവസ്ഥ കണ്ടോ’ എന്ന് വാഹനത്തിന്റ പുറകിലെ ചില്ല് പൊട്ടിയ കാണിച്ച് ജോജു മാധ്യമപ്രവര്‍ത്തകയോട് ചോദിച്ചു.

 

Top