ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമലഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല, മറിച്ച് ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഇന്ന് കമലഹാസന്റെ 64ാം ജന്മദിനം കൂടിയായിരുന്നു.
കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി കൂറുമാറിയതിന് 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ സ്പിക്കര്‍ അയോഗ്യരാക്കിയത് ശരി വച്ച് ഉത്തരവിറക്കിയിരുന്നു. മുന്‍പ് രണ്ട് എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നു. അങ്ങനെ ഇരുപത് ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വഴി തെളിഞ്ഞു. 234 അംഗ നിയമസഭയില്‍ ഭരണത്തിലുള്ള അണ്ണാ ഡി.എം.കെയ്ക്ക് ഇപ്പോള്‍ 116 അംഗങ്ങളാണുള്ളത്. 118 ആണ് കേവല ഭൂരിപക്ഷം നേടാനായി വേണ്ടത്. ഇടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായ നടപ്പു സര്‍ക്കാരിനുള്ള കടുത്ത പരിക്ഷണമാകും ഈ ഉപതിരഞ്ഞെടുപ്പ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.