കൊല്ലം : വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1979-ല്‍ ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ ആണ് അവസാന ചിത്രം. അധ്യാപികയായ സ്റ്റെല്ല ഭാര്യയാണ്.
ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, കിരീടം ചെങ്കോൽ, നാടോടിക്കാറ്റ് തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വാഴ്‌കൈ ചക്രം, നാഡിഗൻ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.
ഏത് അഭിനേതാക്കള്‍ക്കും കരിയറില്‍ എപ്പോഴെങ്കിലും വീണുകിട്ടുന്ന ചില കഥാപാത്രങ്ങളുണ്ട്. മറ്റനവധി വേഷങ്ങള്‍ ചെയ്തവരെങ്കിലും അവര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നത് അത്തരം കഥാപാത്രങ്ങളിലൂടെയാവും. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കിരീടത്തിലെയും അതിന്റെ തുടര്‍ച്ചയായ ചെങ്കോലിലെയും പരമേശ്വരനെപ്പോലെ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല.
മനുഷ്യന്റെ ഉള്ളറിയുന്ന ലോഹിതദാസിന്റെ തൂലികയില്‍ ജന്മമെടുത്തവരായിരുന്നു കിരീടത്തിലെ കഥാപാത്രങ്ങളൊക്കെയും. ഒക്കെയും ഉള്ളുള്ളവര്‍. അത് ശങ്കരാടി അവതരിപ്പിച്ച കൃഷ്ണന്‍ നായരെപ്പോലെ സാത്വികഭാവമുള്ളവരാണെങ്കിലും മോഹന്‍രാജിന്റെ കീരിക്കാടന്‍ ജോസിനെപ്പോലെ ഡാര്‍ഡ് ഷെയ്ഡ് ഉള്ളവരാണെങ്കിലും. കിരീടത്തിലും ചെങ്കോലിലുമായി വലിയ ക്യാരക്റ്റര്‍ ആര്‍ക്കുകളാണ് ലോഹിതദാസ് സൃഷ്ടിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം എസ്ഐ ആവാന്‍ നടക്കുന്ന നിഷ്കളങ്കനായ സേതുമാധവന്‍ ഒരു തെരുവ് ഗുണ്ടയായി മാറുന്നതിനൊപ്പം മറ്റ് കഥാപാത്രങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കിരീടത്തിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ കുണ്ടറ ജോണിയുടെ പരമേശ്വരനോളം മാറ്റത്തിന് വിധേയനായ മറ്റൊരാള്‍ ഇല്ല.
കിരീടത്തില്‍ കൈയൂക്കിന്റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കില്‍ ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ പഴയകാല ജീവിതത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഓര്‍ക്കുന്നയാളാണ്. ജീവിതത്തോട് മൊത്തത്തില്‍ നിസ്സംഗത പുലര്‍ത്തുന്ന മനുഷ്യന്‍. ജീവിതം വഴിമുട്ടിയ സേതുമാധവന് മീന്‍ കച്ചവടം തുടങ്ങാന്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്നതും അയാള്‍ തന്നെ. കിരീട് ചിത്രീകരണം തുടങ്ങി പറഞ്ഞതില്‍ നിന്നും രണ്ട് ദിവസം വൈകിയാണ് കീരിക്കാടനെ അവതരിപ്പിച്ച മോഹന്‍രാജ് ലൊക്കേഷനില്‍ എത്തിയത്. ഒരുവേള ജോണിയെക്കൊണ്ട് കീരിക്കാടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാലോയെന്ന് സിബി മലയില്‍ ആലോചിച്ചതാണ്. എന്നാല്‍ പരമേശ്വരനായി ജോണിയുടെ ചില സീനുകള്‍ അതിനകം എടുത്തിരുന്നതുകൊണ്ടും അതിലെ അദ്ദേഹത്തിന്റെ പ്രകടനം ബോധ്യമായതിനാലും സിബി അത് വേണ്ടെന്നുവച്ചു.
അക്കാലത്തെ പല മലയാള ചിത്രങ്ങളെയുംപോലെ പരിമിതമായ സാഹചര്യങ്ങളില്‍, സമയത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഒക്കെയായിരുന്നു കിരീടവും ചിത്രീകരണം പൂര്‍ക്കിയാക്കിയത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ സേതുമാധവനും തന്റെ പരമേശ്വരനും തമ്മിലുള്ള പ്രധാന സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് കുണ്ടറ ജോണി പിന്നീട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്ന് മൃഗാവശിഷ്ടങ്ങള്‍ തള്ളുന്ന, കാട് കയറിയ സ്ഥലത്തായിരുന്നു ചിത്രീകരണം. ലൊക്കേഷന്‍റെ ഭംഗിയും നിഗൂഢതയും കൊണ്ടാണ് സിബി ആ സ്ഥലം തെരഞ്ഞെടുത്തത്. എന്നാല്‍ ഇറച്ചി വേസ്റ്റ് തള്ളുന്ന സ്ഥലമാണെന്ന് ചിത്രീകരണം തുടങ്ങിയ ശേഷമാണ് മനസിലായത്. എന്ത് പറയുന്നുവെന്ന് സിബി മോഹന്‍ലാലിനോടും മോഹന്‍ലാല്‍ ജോണിയോടും ചോദിച്ചു. തനിക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കും കുഴപ്പമില്ലെന്ന് മോഹന്‍ലാലിനോട് ജോണിയുടെ മറുപടി. രാവിലെ തുടങ്ങിയ ചിത്രീകരണം ഉച്ച കഴിയും വരെ നീണ്ടു. അഴുക്കില്‍ കുളിഞ്ഞ തങ്ങള്‍ പിന്നീട് ഡെറ്റോളിലാണ് കുളിച്ചതെന്ന് ജോണി പറഞ്ഞിട്ടുണ്ട്. കിരീടത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും ഇതേ വേഷം ചെയ്തത് കുണ്ടറ ജോണി തന്നെ ആയിരുന്നു. ഇപ്പറഞ്ഞ രംഗം തമിഴില്‍ നാല് ദിവസം കൊണ്ടും തെലുങ്കില്‍ ആറ് ദിവസം കൊണ്ടുമാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.