നന്മയുടെ ‘വൻമരമായി’ മെഗാസ്റ്റാർ, വിമർശിച്ച പാർവതി കണ്ടുപഠിക്കണം

ലയാള സിനിമയുടെ മാന്യതയാണ് മെഗാസ്റ്റര്‍ മമ്മുട്ടി.ഇക്കാര്യമിപ്പോള്‍ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. കസബ സിനിമയില്‍ സ്ത്രീവിരുദ്ധ നിലപാടെടുത്തെന്ന് മമ്മുട്ടിയെ ആക്ഷേപിച്ച പാര്‍വ്വതി, കണ്ട് പഠിക്കേണ്ടത് ഈ മാതൃകയാണ്.

പാര്‍വ്വതിയുടെ പുതിയ സിനിമയായ ‘വര്‍ത്തമാനത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മെഗാസ്റ്റാര്‍ റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ പ്രചരണം.

22-മത് ഐ.എഫ്.എഫ്.കെ ഓപ്പണ്‍ ഫോറത്തില്‍ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിക്കുമ്പോഴാണ്, മമ്മുട്ടിയുടെ കസബ എന്ന സിനിമക്കെതിരെ പാര്‍വ്വതി തെരുവോത്ത് രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടിരുന്നത്.

പേരെടുത്ത് പറയാതെയാണ് മമ്മുട്ടിക്കും കസബക്കുമെതിരെ പാര്‍വതി വിമര്‍ശനം ഉന്നയിച്ചിരുന്നത്. നടി ഗീതുമോഹന്‍ദാസ് നിര്‍ബന്ധിച്ചതോടെ, മമ്മുട്ടിയുടെ പേരും സിനിമയുടെ പേരും തുടര്‍ന്ന് അവര്‍ വെളിപ്പെടുത്തുകയാണുണ്ടായത്.

‘നിര്‍ഭാഗ്യവശാല്‍ കസബ കണ്ടു. ഒരു മഹാനടന്‍ സ്‌ക്രീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവല്‍ക്കരിക്കുകതന്നെയാണ് ചെയ്യുന്നത്. ഇത് മറ്റ് പുരുഷന്‍മാര്‍ക്കും ഇങ്ങനെ ചെയ്യാനുള്ള ലൈസന്‍സ് ആകുമെന്നുമാണ്’ പാര്‍വതി തുറന്നടിച്ചിരുന്നത്.

‘ഇത്തരം കാര്യങ്ങള്‍ക്കെതിരെ നമ്മള്‍ ഒരു പാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും കാരണം ഇതുപോലെയുള്ള നായകത്വം നമുക്ക് വേണ്ടന്നും’ അവര്‍ പറയുകയുണ്ടായി.
പാര്‍വതിയുടെ ഈ വാക്കുകള്‍ മലയാള സിനിമയില്‍ രൂക്ഷമായ വിവാദത്തിനാണ് വഴിമരുന്നിട്ടിരുന്നത്.

യുവ നടിക്കുനേരെയുണ്ടായ ആക്രമണത്തിനു ശേഷം, മലയാള സിനിമയില്‍ ഡബ്യൂസിസി രൂപം കൊണ്ട ശേഷമാണ് മമ്മുട്ടി സ്ത്രീവിരുദ്ധനാണെന്ന തരത്തില്‍ ഗുരുതരമായ ആക്ഷേപം ഉയര്‍ത്തപ്പെട്ടിരുന്നത്.

പാര്‍വതിയുടെ വിമര്‍ശനം സൈബര്‍ പോരിനും കേസുകളിലും വരെ എത്തുകയുണ്ടായി. മമ്മുട്ടിക്കെതിരായ വിമര്‍ശനം ഗൂഢാലോചനയുടെ ഭാഗമാണെന്ന വിമര്‍ശനവും വ്യാപകമായിരുന്നു.

എന്നാല്‍ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ മമ്മുട്ടി തയ്യാറായിരുന്നില്ല. പാര്‍വതിയെ സഹോദരിയെപ്പോലെയാണ് കാണുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മലയാള സിനിമയില്‍ സ്വന്തം പ്രയത്നവും, കഠിനാധ്വാനവും, അഭിനയമികവും കൊണ്ട് താരരാജാവായ നടനാണ് മമ്മുട്ടി. വക്കീലായ മമ്മുട്ടി അഭിനയ രംഗത്തേക്കെത്തിയത് ഗോഡ്ഫാദര്‍മാരുടെ പിന്തുണയിലായിരുന്നില്ല. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവും, കഠിനാധ്വാനവുമാണ് മമ്മുട്ടിയെ നടനാക്കി മാറ്റിയിരുന്നത്. എണ്‍പതുകളില്‍ സിനിമയില്‍ എത്തിയ മമ്മുട്ടി നാലു പതിറ്റാണ്ടായി മലയാളത്തിന്റെ മഹാനടനായി തിളങ്ങുന്നത്, കഴിവുകൊണ്ട് മാത്രമാണ്.

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മുന്ന് തവണയും സംസ്ഥാന പുരസ്‌ക്കാരം അഞ്ചു തവണയും മമ്മുട്ടി സ്വന്തമാക്കിയിട്ടുണ്ട്. 12 തവണ ദക്ഷിണേന്ത്യന്‍ ഫിലം ഫെയര്‍ പുരസ്‌ക്കാരവും മമ്മുട്ടിയെ തേടിയെത്തിയിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മഹാനടന്‍ കൂടിയാണ് മമ്മുട്ടി.

മതിലുകള്‍ക്കും വടക്കന്‍വീരഗാഥക്കും 1990ലും വിധേയനും പൊന്തന്‍മാടക്കും 1994ലും അംബേദ്ക്കറിലെ അഭിനയത്തിന് 1999തിലുമാണ് മമ്മുട്ടിക്ക് മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നത്.

ജീവിതത്തില്‍ മിസ്റ്റര്‍ ക്ലീനാണ് അന്നും ഇന്നും മമ്മുട്ടി. കാസ്റ്റിങ് കൗച്ച് അടക്കം ഒരു ആക്ഷേപവും നാളിതുവരെ മമ്മുട്ടിയുടെ നാലയലത്തുപോലും എത്തിയിട്ടില്ല.

ലഭിക്കുന്ന വേഷങ്ങളെ മികവോടെ അഭിനയിക്കുക എന്നതാണ് ഒരു നടന്റെ കര്‍ത്തവ്യം. അത് ഭംഗിയായി മമ്മുട്ടി ചെയ്യുന്നുമുണ്ട്. ‘വിധേയനില്‍’ ഭാസ്‌ക്കര പട്ടേലരായി അഭിനയിച്ച മമ്മുട്ടി, ഇന്നു വരെ ഒരു സ്ത്രീയോടും പട്ടേലരുടെ സ്വഭാവം കാണിച്ചിട്ടില്ലെന്നതും, നാം ഓര്‍ക്കേണ്ടതാണ്.

മലയാളസിനിമയിലെ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുകയും, വളര്‍ത്തുകയും ചെയ്യുന്ന, ഒരു വല്യേട്ടന്റെ റോളിലാണ് മമ്മുട്ടി ഇന്നും തിളങ്ങുന്നത്. കലാമൂല്യമുള്ള സിനിമകള്‍ക്ക്, പ്രതിഫലം പോലും നോക്കാതെ അഭിനയിക്കാനും മമ്മുട്ടി മടികാണിച്ചിട്ടില്ല. ന്യൂജെന്‍ താരങ്ങള്‍ കണ്ടുപഠിക്കേണ്ട പാഠമാണിത്.

ശ്രീനിവാസന്‍ കഥയെഴുതി ശ്രീനിവാസനും മുകേഷും നിര്‍മ്മിച്ച, ‘കഥപറയുമ്പോള്‍ ‘എന്ന സിനിമയില്‍ നയാപൈസ പ്രതിഫലം വാങ്ങാതെയാണ് മമ്മുട്ടി അഭിനയിച്ചിരുന്നത്.സിനിമയിലെ കഥാപാത്രത്തിനു വേണ്ടി മുടിമുറിക്കാന്‍പോലും മടികാണിക്കുന്ന, ന്യൂജെന്‍ താരങ്ങള്‍ അറിയേണ്ടത് കാഥാപാത്രമാകാന്‍ മമ്മുട്ടി അനുഭവിച്ച കഷ്ടപ്പാടുകളെയാണ്. മലയാളത്തിന്റെ എക്കാലത്തെയും മഹാപ്രതിഭയായ, കഥാകൃത്തും സംവിധായകനുമായ, ലോഹിതദാസിന്റെ വാക്കുകളില്‍ പോലും നടനെന്ന നിലയില്‍ മമ്മുട്ടിയോടുള്ള സമര്‍പ്പണമുണ്ട്.സുന്ദരനായ മമ്മുട്ടി മൃഗയ സിനിമയില്‍ വാറുണ്ണിയായി വേഷമിടാനും പൊന്തന്‍മാടയാകാനും തെല്ലുപോലും മടികാണിച്ചിരുന്നില്ല. ഭക്ഷണവും വിശ്രമവും പോലും വെടിഞ്ഞ്, മേക്കപ്പില്‍ മണിക്കൂറുകളോളം ഷോട്ടുകള്‍ക്കായി അദ്ദേഹം സഹകരിക്കുകയാണ് ചെയ്തിരുന്നത്. സുന്ദരനായ മമ്മുട്ടിയെ വാറുണ്ണിയായി കാണുമ്പോള്‍ വേദനതോന്നിയിരുന്നുവെന്നാണ് ലോഹിതദാസ് മുമ്പ് തുറന്ന് പറഞ്ഞിരുന്നത്.

മഹാനടനായി നില്‍ക്കുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ മമ്മുട്ടി ഒരിക്കലും തയ്യാറായിരുന്നില്ല. സി.പി.എം കൈരളി ചാനല്‍ തുടങ്ങിയപ്പോള്‍ നേരിട്ടിരുന്നത് പല വിധ എതിര്‍പ്പുകളും വിമര്‍ശനങ്ങളെയുമാണ്. ഇവയെല്ലാം തള്ളിക്കളഞ്ഞ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കാന്‍ മമ്മുട്ടി തയ്യാറായത് ആ നിലപാടിന്റെ ധീരതമൂലമായിരുന്നു. അന്നും ഇന്നും അടി യുറച്ചൊരു കമ്മ്യൂണിസ്റ്റാണ് മമ്മൂട്ടി.

ഇന്നസെന്റിനെ ചാലക്കുടിയില്‍ മത്സരിപ്പിച്ച് എം.പിയാക്കുന്നതിലും, മമ്മുട്ടിയുടെ നിലപാടാണ് നിര്‍ണായകമായിരുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാര്‍ പരിപാടികളുമായും മമ്മുട്ടി സഹകരിച്ചിരുന്നു.മമ്മുട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പേരില്‍, കോടിക്കണക്കിന് രൂപയുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നിലവില്‍ നടത്തിവരുന്നത്.


ഉയരെ എന്ന സിനിമയില്‍ ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ വേഷം അഭിനയിച്ചാണ് പാര്‍വതി തെരുവോത്ത് കൈയ്യടി നേടിയിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പൂനെ സ്വദേശിനി ലക്ഷ്മിക്ക് ചികിത്സാ സഹായം നല്‍കി സാന്ത്വനമേകിയാണ് മമ്മുട്ടി കയ്യടി നേടിയിരുന്നത്. ആസിഡ് ആക്രമണത്തിനിരയായി എട്ടു വര്‍ഷത്തോളമാണ് പുറംലോകം കാണാതെ ലക്ഷ്മി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയിരുന്നത്. ഇവരെ പുതുജീവിത്തിലേക്ക് കൊണ്ടുവന്നത് മമ്മുട്ടിയുടെ കാരുണ്യവും, കരുതലും, ഒന്ന്‌കൊണ്ട് മാത്രമാണ്. ഇത് പോലെ നിരവധി പാവങ്ങള്‍ക്കാണ് മമ്മൂട്ടി താങ്ങും തണലുമായിരിക്കുന്നത്. ഏറ്റവും ഒടുവില്‍ തൊഴിലുടമയുടെ ക്രൂരതയില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവിനും സാന്ത്വനമേകിയതിപ്പോള്‍ മമ്മൂട്ടിയാണ്.

‘എന്നെയൊന്ന് സഹായിക്കണം മമ്മുക്ക’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കിഡ്നി രേഗബാധിതനായ ആരാധകനും മമ്മുട്ടിയുടെ സ്‌നേഹ സ്പര്‍ശം ഏറ്റുവാങ്ങിയിട്ടുണ്ട്.രണ്ടു വൃക്കയും തകരാറിലായി, ചികിത്സക്ക് പണമില്ലാതെ ആത്മഹത്യയുടെ വക്കിലായ ആരാധകന്, ചികിത്സക്കായി ഒരു തുക ആശുപത്രിയിലടയ്ക്കുകയും, രാജഗിരി ആശുപത്രിയില്‍ 50 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളുമാണ്, മമ്മുട്ടി ഒരുക്കിയിരുന്നത്.

അഭിനയ മികവിനൊപ്പം സഹജീവികള്‍ക്ക് സാന്ത്വനവും കരുതലും കൂടിയാണ് മെഗാസ്റ്റാര്‍ മമ്മുട്ടി. അതുകൊണ്ടു തന്നെയാണ് മലയാളികള്‍ സ്നേഹത്തോടെ മമ്മുക്ക എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. പാര്‍വതിയുടെ വിമര്‍ശനത്തിലെ വേദന പോലും മറന്നാണ് അവരുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിപ്പോള്‍ മമ്മുട്ടി പുറത്തിറക്കിയിരിക്കുന്നത്. ഇതാണ് ആ മഹാനടന്റെ മനസ്സിന്റെ വലുപ്പം.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയെഴുതി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വര്‍ത്തമാനം’. ഈ ചിത്രത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയായ ഫൈസ സുഫി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.

Staff Reporter

Top