സ്തീവിരുദ്ധ പരാമര്‍ശത്തിന്മേല്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍

ചെന്നൈ: നടി തൃഷയുമായ് ബന്ധപ്പെട്ട് സ്തീവിരുദ്ധ പരാമര്‍ശത്തിന്മേല്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍. ചെന്നൈ പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്‍സൂര്‍ അലി ഖാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ചുമത്തിയാണ് നടനെതിരെ കേസെടുത്തത്. കേസെടുക്കാന്‍ ദേശീയ വനിത കമ്മീഷന്‍, തമിഴ്‌നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് രാവിലെ ചെന്നൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയ മന്‍സൂര്‍ അലി ഖാന്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ യഥാര്‍ത്ഥമല്ല. തൃഷയ്‌ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതല്‍ പ്രശസ്തനായെന്നും മന്‍സൂര്‍ അവകാശപ്പെട്ടു. അതേസമയം, ഇനി ലോകേഷ് പടത്തില്‍ അഭിനയിക്കില്ലെന്നും നടനായിട്ട് വിളിക്കുകയാണെങ്കില്‍ നോക്കാമെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.

വിജയ് നായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് വലിയ വിവാദമായത്. ചിത്രത്തില്‍ മന്‍സൂറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നായിക തൃഷയുമൊത്ത് അഭിനയിക്കാന്‍ പോവുകയാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു കിടപ്പറ രംഗം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയിരുന്നതെന്നായിരുന്നു നടന്റെ വിവാദപരാമര്‍ശം. രൂക്ഷ ഭാഷയിലാണ് തൃഷയും ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷും പരാമര്‍ശത്തോട് പ്രതികരിച്ചത്. പിന്നാലെ ചലച്ചിത്ര മേഖല തന്നെ നടനെതിരെ രംഗത്തെത്തി.

Top