ജനിച്ചാല്‍ തമിഴനായി ജനിക്കണം; ബാത്ത് ടബ്ബ് വള്ളമാക്കി തുഴഞ്ഞ് നടന്റെ പാട്ടും പ്രതിഷേധവും

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഇതിനിടയില്‍ അധികാരികള്‍ക്കെതിരെ വ്യത്യസ്തമായ പ്രതിഷേധം നടത്തി വാര്‍ത്തകളില്‍ നിറയുകയാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍.

ബാത്ത് ടബ്ബ് വള്ളമാക്കി വെള്ളത്തിലൂടെ പാട്ടും പാടി തുഴയുന്ന നടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നുങ്കംപാക്കത്തെ സ്വന്തം വീടിന്റെ പരിസരത്ത് നിന്നുമാണ് ഈ രംഗമെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മന്‍സൂര്‍ അലിഖാന്‍ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഷട്ടില്‍ ബാറ്റില്‍ തെര്‍മോകോള്‍ കെട്ടിയാണ് തുഴയുണ്ടാക്കിയിരിക്കുന്നത്. ജനിച്ചാല്‍ തമിഴനായി ജനിക്കണമെന്നും ഇതാണ് വൈഗയാറും കാവേരിയാറും താമരഭരണിയുമെന്നെല്ലാം പാട്ടില്‍ സര്‍ക്കാരിനെ പരിഹസിക്കുന്നുമുണ്ട്.

കനത്ത മഴയില്‍ ചെന്നൈയുടെ പല ഭാഗത്തും വെള്ളക്കെട്ട് തുടരുകയാണ്. പ്രദേശത്ത് മഴതുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Top