ലാലിനെ ലക്ഷ്യമിട്ട് വീണ്ടും ബി.ജെ.പി . . . നിയമസഭ തിരഞ്ഞെടുപ്പ് തന്നെ ലക്ഷ്യം !

ടന്‍ മോഹന്‍ലാലിനെ ലക്ഷ്യമിട്ട് കരുനീക്കം നടത്തി വീണ്ടും സംഘപരിവാര്‍ നേതൃത്വം.2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. ലാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ അതല്ലങ്കില്‍ പ്രചരണത്തിന് ഇറങ്ങുകയോ വേണമെന്ന നിലപാടാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുള്ളത്.

ആനക്കൊമ്പ് കേസാണ് ഇതുവരെ ലാലിന് മുന്നിലുള്ള പ്രതിസന്ധിയെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞ കാര്യവും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നുണ്ട്.

സെപ്തംബര്‍ 16നാണ് ലാലിനെ ആനക്കൊമ്പ് കേസില്‍ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ ഫോറസ്റ്റ് നല്‍കിയ അനുമതി നേരത്തെ ഹൈക്കോടതി തന്നെ റദ്ദാക്കിയ സാഹചര്യവുമുണ്ടായിരുന്നു.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ലാലിനെ വഴിവിട്ട് സഹായിച്ച നടപടിയാണ് കേസ് കോടതിയിലെത്താന്‍ കാരണമായിരുന്നത്.

മോഹന്‍ലാല്‍ അടക്കം കേസില്‍ നാല് പ്രതികളാണ് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലിന്റെ വീട്ടില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിലാണ് അന കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നത്. ഇത് പിന്നീട് ഉദ്യോഗസ്ഥര്‍ വനം വകുപ്പിന് കൈമാറുകയായിരുന്നു.

പരമാവധി 5 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് മോഹന്‍ലാലിനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്.ഈ കേസില്‍ ഇടതു സര്‍ക്കാര്‍ ലാലിനെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല.

ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയ മുഖ്യ വനപാലകന്റെ നടപടിക്ക് സര്‍ക്കാര്‍ അനുമതിയില്ലന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇത് ലാലിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഏത് ഉന്നതനായാലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.നിയമപരമായി ഇതിനപ്പുറം ഒരു നിലപാട് ഒരു സര്‍ക്കാറിനും സ്വീകരിക്കാന്‍ കഴിയുമായിരുന്നുമില്ല.

പിണറായി സര്‍ക്കാറിന്റെ ഈ നിലപാടാണ് ബി.ജെ.പി ഇപ്പോള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഉപയോഗപ്പെടുത്തുന്നത്.

മോഹന്‍ലാലിനെ ഏതറ്റം വരെ സഹായിക്കാനും തയ്യാറാണെന്നതാണ് ബി.ജെ.പി നിലപാട്. സുപ്രീം കോടതിയിലേക്ക് കേസ് എത്തിയാല്‍ കേന്ദ്ര വനം വകുപ്പ് ലാലിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സൂചനയും ബി.ജെ.പി നേതൃത്വം നല്‍കുന്നുണ്ട്.

ആനക്കൊമ്പ് കേസൊന്നും ലാലിന്റെ താരപരിവേഷത്തിന് മങ്ങലേല്‍പ്പിച്ചിട്ടില്ലന്ന് തന്നെയാണ് ബി.ജെ.പിയുടെ പൊതു വിലയിരുത്തല്‍.

mohanlal-bjp

mohanlal-bjp

ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ലാല്‍ പിന്‍മാറിയത് ഈ കേസ് പേടിച്ചിട്ടാണെന്നും ഇനി ഭയത്തിന്റെ ആവശ്യമില്ലന്നുമാണ് പരിവാര്‍ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അവസാന നിമിഷം ലാല്‍ പിന്മാറിയത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു.

പത്മഭൂഷണ്‍ അടക്കം ലാലിന് നല്‍കിയിട്ടും അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത് പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച് അമ്പരപ്പിക്കുന്നതായിരുന്നു. ഈ അകല്‍ച്ച ഒഴിവാക്കാന്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമായാണ് സംഘ പരിവാര്‍ നേതൃത്വത്തെ ലാല്‍ തണുപ്പിച്ചിരുന്നത്.

ആര്‍.എസ്.എസ് സംസ്ഥാന നേതാക്കള്‍ കൂടി അംഗമായ വിശ്വ ശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരികൂടിയാണ്് നിലവില്‍ മോഹന്‍ലാല്‍. പരിവര്‍ സംഘടനയായ സേവാഭാരതിയുമായി സഹകരിച്ചാണ് ഈ സംഘടനയും പ്രവര്‍ത്തിച്ച് വരുന്നത്.

പ്രളയ രക്ഷാ പ്രവര്‍ത്തനത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് വീട് വച്ച് നല്‍കുന്നതിനും മോഹന്‍ലാല്‍ തന്നെയാണ് മുന്‍കൈ എടുത്തിരുന്നത്. ഈ നിലപാടുകളെല്ലാം സംഘപരിവാര്‍ നേതൃത്വത്തില്‍ വീണ്ടും മോഹന്‍ ലാലിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

മുന്‍പ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും ഒഴിഞ്ഞ് മാറിയ ലാല്‍ പുതിയ സാഹചര്യത്തില്‍ ഇനി അങ്ങനെ ചെയ്യില്ലെന്നാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ കരുതുന്നത്.

ബി.ജെ.പി അദ്ധ്യക്ഷന്‍ എന്നതിലുപരി എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍കം ടാക്‌സ് വിഭാഗങ്ങളുടെ മന്ത്രി കൂടിയാണ് നിലവില്‍ അമിത് ഷാ. അതു കൊണ്ട് തന്നെ ഇനിയും ‘നോ’ പറയാന്‍ മോഹന്‍ലാലിന് കഴിയില്ലന്നതാണ് കാവി പടയുടെ കണക്കുകൂട്ടല്‍.

കേരളത്തില്‍ കാവി രാഷ്ട്രീയത്തിന് ഗതി പിടിക്കണമെങ്കില്‍ ലാല്‍ രംഗത്ത് വരണമെന്ന് തന്നെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കരുതുന്നത്. ഉപ തെരഞ്ഞെടുപ്പ് അവര്‍ക്ക് നല്‍കിയ പാഠവും വളരെ വലുതാണ്. അതു കൊണ്ടാണവര്‍ സകല അടവുകളും ഇപ്പോള്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

അതേ സമയം മോഹന്‍ലാല്‍ എന്ന് കാവിക്കൊടി പിടിക്കുന്നുവോ അന്നത്തോടെ അദ്ദേഹത്തിന്റെ കരിയറും തീരുമെന്നാണ് ആരാധകര്‍ ഭയക്കുന്നത്. ഈ ആശങ്ക അടുത്ത സുഹൃത്തുക്കളും ലാലിനോട് ഇതിനകം തന്നെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി അനുഭാവിയായ പ്രമുഖ സംവിധായകന്റെ നേതൃത്വത്തില്‍ ലാലിനെ കാവിയണിയിക്കാനാണ് വീണ്ടും ശ്രമം ശക്തമായിരിക്കുന്നത്.ഇതിന് പിന്നില്‍ തന്ത്രപരമായ ഇടപെടല്‍ നടത്തുന്നത് സംഘപരിവാര്‍ ഉന്നത നേതൃത്വമാണ്. ലാലിന്റെ മനസ്സ് പാകപ്പെടുത്തിയാല്‍ ഉടന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Political Reporter

Top