കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മോഹന്‍ലാല്‍. തനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു വാര്‍ത്ത തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഒരുപാട് വര്‍ഷങ്ങളായി അറിയാവുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സ് മുതല്‍ അറിയാം. അദ്ദേഹത്തിന്റെ കുടുംബവുമായും സുഹൃത്തുക്കളുമായും അടുത്ത ബന്ധമുണ്ട്. വളരെ വൈകാരികമായ ബന്ധമുണ്ട്. ഒട്ടും തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വാര്‍ത്തയാണ്’, മോഹന്‍ലാല്‍ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് വിക്രം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് പുനീത് രാജ്കുമാറിന്റെ അന്ത്യം. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കന്നഡ സിനിമയിലെ പ്രശസ്തനായ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍.
ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടന്‍ ഇതുവരെ 29ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പു എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകര്‍ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു.
അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹന്‍ലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു. യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.