കോട്ടയം: നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. കണ്ണു തുറന്നുവെന്നും കൈകള്‍ ചലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാടക സിനിമാ സംവിധായകന്‍, നാടക രചയിതാവ്, അധ്യാപകന്‍, അഭിനേതാവ്, നിരൂപകന്‍ എന്നീ മേഖലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ പി ബാലചന്ദ്രന്‍ അവസാനമായി രചിച്ചത് ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രമാണ്. ഒരു നടനെന്ന നിലയില്‍ അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത് ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി എന്ന നിത്യ മേനോന്‍ ചിത്രത്തിലാണ്.
കഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു കോളാമ്പി. ഈ ചിത്രം ഇതുവരെ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി രചിച്ചത്. അതിനു ശേഷം ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, മാനസം, പുനരധിവാസം, പോലീസ്, ഇവന്‍ മേഘരൂപന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ എന്നീ ചിത്രങ്ങളും രചിച്ചു. 1996 ഇല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍- വേണു നാഗവള്ളി ചിത്രമായ അഗ്നിദേവനിലൂടെയാണ് അദ്ദേഹം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും പി ബാലചന്ദ്രന്‍ ആണ്.