നടി പാര്‍വതി തിരുവോത്തിനെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച എറണാകുളം സ്വദേശി കിഷോറിനെതിരെ പൊലീസ് കേസ് എടുത്തു. മെസഞ്ചര്‍ ആപ് കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും ഫെയ്‌സ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി.
പാര്‍വതിയുടെ പരാതിയില്‍ എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് താരം പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ അഭിഭാഷകനാണെന്നും സിനിമയുമായും ബന്ധമുണ്ടെന്നും പറയുന്നു.
സഹോദരനോട് പാര്‍വതി എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അമേരിക്കയിലാണെന്ന് മറുപടി പറഞ്ഞു. എന്നാല്‍, അവര്‍ അമേരിക്കയിലല്ലെന്നും കൊച്ചിയിലാണെന്നും ചില മാഫിയക്കാരുടെ പിടിയിലാണെന്നും രക്ഷപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സഹോദരന്‍ കോള്‍ കട്ട് ചെയ്‌തെങ്കിലും വാട്‌സ് ആപിലും മെസഞ്ചറിലും ഇയാള്‍ സന്ദേശമയച്ചു. പാര്‍വതിയുമായി അടുപ്പമുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. സഹോദരന്‍ പ്രതികരിക്കാതിരുന്നതോടെ അച്ഛനെയും ഫോണ്‍വിളികളിലൂടെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയെന്ന് പാര്‍വതി പറഞ്ഞു.