ഫ്‌ലയിങ് കിസ് ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. സ്മൃതി ഇറാനി ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സ്മൃതി ഇറാനിക്ക് ‘ഫ്‌ലയിങ് കിസ്’ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും, മണിപ്പുരിലെ സ്ത്രീകള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം. മണിപ്പൂര്‍ വയലന്‍സ് തുടങ്ങിയ ഹാഷ്ടാഗുകള്‍ സഹിതമാണ് പ്രകാശ് രാജ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വിമര്‍ശനം രേഖപ്പെടുത്തിയത്.
Priorities… Madam ji is offended by a flying Kiss .. but not by what happened to our #manipurwomen #ManipurVoilence #justasking https://t.co/hWcCLTZ8id
— Prakash Raj (@prakashraaj) August 9, 2023
അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ രണ്ടാം ദിനം പ്രസംഗിച്ച രാഹുല്‍ ഗാന്ധി, മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.ഈ പ്രസംഗത്തിനു ശേഷം രാഹുല്‍ മടങ്ങുമ്പോഴാണ്, ഫ്‌ലയിങ് കിസ് വിവാദം ഉയര്‍ന്നത്. രാഹുല്‍ ഗാന്ധി ബിജെപി ബെഞ്ചുകള്‍ക്കു നേരെ ‘ഫ്‌ലയിങ് കിസ്’ നല്‍കിയെന്നും, സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം രാഹുല്‍ പെരുമാറിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.
രാഹുല്‍ മടങ്ങുന്ന സമയത്ത് ബിജെപി അംഗങ്ങള്‍ കൂവിയിരുന്നു. സന്ദര്‍ശക ഗാലറിയിലുണ്ടായിരുന്ന കെ.സി.വേണുഗോപാലിനും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരെ കൈവീശിക്കാണിച്ച ശേഷം ബിജെപി ബെഞ്ചുകള്‍ക്കു നേരെയും രാഹുല്‍ കൈവീശിയിരുന്നു. ഇതിനെതിരെയാണ് ആരോപണം ഉയര്‍ന്നത്.