ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി; സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്നത് ഇവിടെ

Prakash-Raj

പാലക്കാട്: രണ്ട് ഇന്ത്യയില്‍ നിന്നാണു താന്‍ വരുന്നതെന്നും അതില്‍ കേരളം ഉള്‍പ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണു സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്നതെന്നും തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. ‘ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉള്‍പ്പെടുന്നതാണ്. അവിടെ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്നത്.

ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിര്‍ത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി’. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ ഡോ.എന്‍.എം. മുഹമ്മദാലിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷമായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

അതേസമയം, സിനിമയില്‍ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തില്‍ യഥാര്‍ഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണു പ്രകാശ് രാജെന്നും അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്ത്യന്‍ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും ഉദ്ഘാടകനായ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യം, പൗരാവകാശം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്.

വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ പിന്നീട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് അദ്ദേഹം. ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിട്ട് നിര്‍ഭയമായി അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നു. ആ ശബ്ദം ഇനിയും കൂടുതല്‍ ഉച്ചത്തില്‍ ഉയരട്ടെയെന്ന് എംബി രാജേഷ് പറഞ്ഞു.

Top