മലയാളി ആരാധകരുടെ താരാരാധന നിരാശജനകം ആണെന്ന് തുറന്നുപറഞ്ഞ് പൃഥ്വി. സിനിമാ നടന്‍മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ആരാധകര്‍ ചെയ്യുന്നതെന്നാണ് പൃഥ്വി പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങള്‍ ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നിങ്ങള്‍ നേരിടേണ്ടി വരും. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകര്‍ എറ്റവും യുക്തിസഹമായി ചിന്തിക്കുന്നവര്‍ എന്ന് അവകാശപ്പെടാന്‍ ഇനി നമ്മുക്ക് സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല. പൃഥ്വി പറയുന്നു.
പുരുഷാധിപത്യപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നും എന്നാല്‍ അതാണ് ശരിയെന്ന് പറഞ്ഞു വയ്ക്കുന്നതാവരുത് ആ സിനിമ എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ചും പൃഥ്വി വെളിപ്പെടുത്തി- ‘എനിക്കെതിരെ സൈബര്‍ ആക്രമണം സജീവമായ സമയത്താണ് ഇന്ത്യന്‍ റുപ്പി ഇറങ്ങുന്നത്. എന്റെ മുഖം സ്‌ക്രീനില്‍ തെളിയുന്ന സമയത്ത് പല തിയേറ്ററുകളിലും കൂവലാണെന്നുള്ള ഫോണ്‍കോളുകള്‍ വന്നു. അവര്‍ എന്നെ വെറുക്കുന്നുവെന്നും കൂവലിലൂടെ അത് പ്രകടിപ്പിക്കുന്നതാണെന്നും എനിക്ക് മനസ്സിലായി. പക്ഷേ ആ സിനിമ സൂപ്പര്‍ ഹിറ്റായി മാറി. പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കേണ്ടെന്നും എന്റെ സിനിമകളെ ഇഷ്ടപ്പെട്ടാല്‍ മതിയെന്നും അപ്പോള്‍ എനിക്ക് തോന്നി. പ്രതിച്ഛായയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും സിനിമയില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും എനിക്ക് മനസ്സിലായി. കരിയറിന്റെ ആ ഘട്ടത്തിന് ശേഷം അതുതന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളതും’. പൃഥ്വി പറഞ്ഞു.
നിലവില്‍ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്.