വിജയ് ബാബുവിനെ കുരുക്കിലാക്കിയത് നായിക നടിമാരുടെ ഇടപെടലിൽ . . .?

മലയാള സിനിമാ മേഖലയാകെ തന്നെ ഇപ്പോൾ അമ്പരന്നു നിൽക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ, സൂപ്പർ താരങ്ങളും സംവിധായകരും നിർമ്മാതാക്കളും ഉൾപ്പെടെ വലിയ ആശങ്കയിലാണുള്ളത്. ബലാത്സം​ഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയ വകുപ്പുകൾ നോക്കിയാൽ, അടുത്ത കാലത്തൊന്നും ജാമ്യം കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്. തങ്ങൾ അറിയുന്ന വിജയ് ബാബു ഇങ്ങനെ ചെയ്യില്ലന്നു പറയുന്ന അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ കോടതിയിൽ വിജയ് ബാബു സത്യം തെളിയിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും വച്ചു പുലർത്തുന്നത്.

ഇതിനിടെ, പരാതിക്കാരിയായ യുവ നടിക്കെതിരെ വിജയ് ബാബു ഫെയ്സ് ബുക്കിലിട്ട പോസ്റ്റും, ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പീഢിപ്പിക്കപ്പെട്ടന്ന് പരാതി നൽകിയ യുവതിയുടെ പേര് പരസ്യപ്പെടുത്തിയതിൽ വിജയ് ബാബുവിനെതിരെ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ വിവാദമായ ശേഷം ആ പോസ്റ്റും ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ട്. എഫ് ബി പോസ്റ്റ് അപ്രത്യക്ഷമായെങ്കിലും, വിജയ് ബാബു തുടങ്ങി വച്ച സൈബർ ആക്രമണം, അനവധി പേരാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.

ഇതു സംബന്ധമായ വാർത്തകൾക്കും പ്രതികരണങ്ങൾക്കും കീഴെ സംഘടിതമായാണ് സൈബർ അറ്റാക്ക് നടന്നു കൊണ്ടിരിക്കുന്നത്. ഇതു കണ്ട് പരാതി നൽകിയ യുവ നടി മാത്രമല്ല അവർക്കു വേണ്ടി വാദിക്കുന്നവരും അമ്പരന്നിരിക്കുകയാണ്. “വിജയ് ബാബുവിന്റെ ഈ സമീപനത്തിന് ലഭിക്കുന്ന, വലിയ സോഷ്യൽ മീഡിയാ പിന്തുണയും അതിജീവിതയ്ക്കെതിരായ പ്രതികരണങ്ങളും, ആശങ്കാജനകമായ സാമൂഹ്യാവസ്ഥയുടെ അടയാളമാണെന്നാണ് ” കെ.കെ രമ എം.എൽ.എ പ്രതികരിച്ചിരിക്കുന്നത്.

പീഢന കേസിലെ ഇരയുടെ പേര് പറയാതിരിക്കുന്നതു പോലെ തന്നെ ആരോപണ വിധേയൻ്റെ പേരും കുറ്റം തെളിയിക്കപ്പെടുന്നതു വരെ പുറത്ത് വിടരുതെന്ന വാദമാണ്, രാഹുൽ ഈശ്വറിനെ പോലുള്ള മറുവിഭാഗവും ഉയർത്തിയിരിക്കുന്നത്. ഈ വാദത്തിനു സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. തെറ്റായ പരാതികൾ പുരുഷൻമാർക്കെതിരെ നൽകുന്ന പ്രവണത വർദ്ധിക്കുന്നതു കൊണ്ടുമാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏതു പെൺകുട്ടി ആയാലും പീഢനത്തിനോ, അതിക്രമത്തിനോ അവർ വിധേയ ആയി കഴിഞ്ഞാൽ, കാലതാമസം കൂടാതെ, ഉടനെ തന്നെ പരാതി നൽകുകയാണ് വേണ്ടത്. “തെറ്റിയാൽ മാത്രം പരാതി ,അതല്ലങ്കിൽ പരാതിയില്ല” എന്ന നിലപാട് ആരു തന്നെ സ്വീകരിച്ചാലും, അത് ശരിയായ നിലപാടായി കാണാൻ ഒരിക്കലും കഴിയുകയില്ല. അവിടെയാണ് സംശയങ്ങളും ഉയരുന്നത്.

വിജയ് ബാബു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, തീർച്ചയായും ശിക്ഷിക്കപ്പെടണം. അതോടൊപ്പം തന്നെ, തൻ്റെ നിരപരാധിത്വം തെളിയിക്കാൻ അദ്ദേഹത്തിനും അവകാശമുണ്ട്. യുവ നടിയുമായുള്ള, ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുകൾ അടക്കം കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് ബാബു അത്, അന്വേഷണ സംഘത്തിനാണ് ഇനി നൽകേണ്ടത്. പൊലീസ് എല്ലാ വശവും പരിശോധിക്കട്ടെ, മിടുക്കനായ ഐ.പി.എസ് ഓഫീസറാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സത്യസന്ധമായ അന്വേഷണം തീർച്ചയായും നമുക്ക് പ്രതീക്ഷിക്കാം.

പനമ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും പൊലീസ് ഇതിനകം തന്നെ തെളിവ് ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നതാണ് പൊലീസ് നിലപാട്. അതിനായുള്ള നീക്കമാണിപ്പോൾ, അന്വേഷണ സംഘവും നടത്തി കൊണ്ടിരിക്കുന്നത്. സംഭവത്തില്‍ സിനിമ മേഖലയിൽ നിന്നുള്ള സാക്ഷികൾ ഉണ്ടെന്ന സുപ്രധാന വെളിപ്പെടുത്തലും പൊലീസ് നടത്തിയിട്ടുണ്ട്. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും സിറ്റി പൊലീസ്കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെ, ലുക്കൗട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നൽകിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്നെന്ന അനുമാനത്തിലാണ് ഈ നടപടി.

കോഴിക്കോട് സ്വദേശിയായ യുവ നടിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച്, അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ്, യുവ നടി നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
ഇക്കഴിഞ്ഞ 22നാണ് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തിരിക്കുന്നത്.

എന്തുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നതിനും, പീഢനം നടക്കുമ്പോൾ എന്തു കൊണ്ടു അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്നതിനും, യുവതി തന്നെയാണ് ഇനി മറുപടി പറയേണ്ടത്. പീഢന വിവരം യുവതി പറഞ്ഞത് ആരോടൊക്കെ എന്നതും, അവർ എന്തുകൊണ്ടു പൊലീസിനെ അറിയിച്ചില്ല എന്നതിനുമെല്ലാം ഒരു ‘ക്ലാരിറ്റിയും” ആവശ്യമാണ്. മാത്രമല്ല, പീഢിപ്പിക്കപ്പെട്ടു എന്നു പറയുന്ന യുവ നടി ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ, ഇൻസ്റ്റാഗ്രാമിൽ ഇട്ട വീഡിയോയിലെ മാനിറസങ്ങൾ കണ്ടാൽ, ‘പ്രത്യേകിച്ചൊന്നും’ വായിച്ചെടുക്കാൻ കഴിയുന്നുമില്ല. ഈ വീഡിയോകൾ കണ്ടവരും ഇപ്പോൾ ആകെ ആശയകുഴപ്പത്തിലാണ് ഉള്ളത്. യുവ നടി പറഞ്ഞതു പോലെ ക്രൂരമായ പീഢനം ഏറ്റെങ്കിൽ, ആ നിമിഷം തന്നെ പൊലീസിനെ വിവരമറിയിച്ച് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കണമായിരുന്നു. അത് അവർ അന്ന് ചെയ്തിരുന്നു എങ്കിൽ ഇന്ന് പ്രതിക്കു വേണ്ടി, പൊലീസിനു ഇങ്ങനെ ഓടിനടക്കേണ്ടി വരുമായിരുന്നുമില്ല.

ഒരു പീഢനവും വൈകി പരാതിപ്പെടേണ്ടവയല്ല. ‘സ്പോട്ടിൽ’ തന്നെ പരാതി നൽകണം. 100 എന്ന ഒരു നമ്പർ പൊലീസ് സൃഷ്ടിച്ചത് അതിനു വേണ്ടി കൂടിയാണ്. വിദ്യാസമ്പന്നയായ യുവ നടി അതിനു തയ്യാറാകാതെ ഒരു മാസത്തോളം സഹിച്ചു നിന്നതിനു പിന്നാലെ താൽപ്പര്യവും, ഈ സാഹചര്യത്തിൽ അന്വേഷിക്കപ്പെടേണ്ടതു തന്നെയാണ്. ലഹരി വസ്തുക്കൾ നൽകി അ‍ർദ്ധബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബു ബലാത്സംഗം ചെയ്തതെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപാത്രങ്ങള്‍ വാഗ്ദാനം ചെയ്തും, നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും, വിജയ് ബാബു പീഡനം തുടർന്നതായും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വാദത്തിലും ചില പിശകുകൾ ഉണ്ട്… അതാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗവും നിലവിൽ ചൂണ്ടിക്കാട്ടുന്നത്.

“സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞാൽ മൂടിവയ്ക്കപ്പെടേണ്ടതല്ല സ്ത്രീ പീഢനങ്ങൾ. അതു പോലെ തന്നെ, നഗ്ന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞാൽ അടങ്ങി നിൽക്കുന്നതും ശരിയല്ല. അപ്പോൾ തന്നെ പൊലീസിനെ കൊണ്ട് റെയ്ഡ് നടത്തിച്ച്, ആ വീഡിയോ പിടിച്ചെടുക്കുകയാണ് വേണ്ടിയിരുന്നത്. നല്ല അറിവുള്ള യുവനടി അതായിരുന്നു യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്. ദൗർഭാഗ്യവശാൽ അതിനു അവർ തയ്യാറായിട്ടില്ല. ഇത്തരം പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ്, “ഇര” യഥാർത്ഥത്തിൽ താനാണെന്ന വാദം ഉന്നയിക്കാനും, സോഷ്യൽ മീഡിയയിലെ വലിയ ഒരു വിഭാഗത്തിൻ്റെ പിന്തുണ ആർജിക്കാനും വിജയ് ബാബു ശ്രമിക്കുന്നത്.

ഇത്തരം കേസുകളിൽ, പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ, വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ പേര് പറഞ്ഞതു തന്നെ രണ്ടും കൽപ്പിച്ചാണ്. ശക്തമായ നിയമ പോരാട്ടം നടത്തുമെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഇതെല്ലാം കണ്ട് അന്തം വിട്ടിരിക്കുന്ന സിനിമാ പ്രവർത്തകരാവട്ടെ, കൂടുതൽ പരാതികൾ ഇനിയും വരുമോ എന്ന ആശങ്കയിലാണുള്ളത്. ബലാത്സംഗ കേസിൽ പ്രതിയായിട്ടും, ഒരു സിനിമാ സംഘടനയും വിജയ് ബാബുവിനെ ഇതുവരെ പുറത്താക്കിയിട്ടില്ല. പരാതിയിൽ അവർക്കുള്ള സംശയമാണോ ഇതിനു കാരണമെന്ന ചോദവും, ഈ ഘട്ടത്തിൽ അന്തരീക്ഷത്തിലുണ്ട്.

അതേസമയം, സത്യസന്ധമായ അന്വേഷണം നടക്കണം എന്ന നിലപാടാണ് താരസംഘടനയായ അമ്മയും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിലവിൽ സ്വീകരിച്ചിരിക്കുന്നത്. യുവ നടി പരാതി നൽകിയതിനു പിന്നിൽ, രണ്ട് യുവ സംവിധായകരുടെ ഭാര്യമാരായ നടിമാരാണെന്ന ആരോപണവും, ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. നിലവിൽ അമ്മ സംഘടനയോട് ഉടക്കി, വനിതാ സംഘടനയോട് സഹകരിക്കുന്ന ഈ നടിമാരുടെ ഇടപെടലും ഇപ്പോൾ സിനിമാ മേഖലയിൽ വലിയ ചർച്ചയാണ്. സത്യസന്ധമായ അന്വേഷണം നടന്നില്ലങ്കിൽ ഇന്ന് വിജയ് ബാബുവിനുണ്ടായ അനുഭവം മറ്റു പലർക്കും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് വിജയ് ബാബുവിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ബലാത്സംഗ കേസിൽ ആഭ്യന്തര വകുപ്പും ഗൗരവമായാണ് ഇടപെട്ടിരിക്കുന്നത്. സത്യസന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ്, സംസ്ഥാന പൊലീസ് ചീഫിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. പീഢന കഥയിലെ പുതിയ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നതും വ്യക്തമാണ്. അതോടെ കൂടുതൽ യാഥാർത്ഥ്യവും വ്യക്തമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

EXPRESS VIEW

 

Top