നടന്‍ ആര്‍.മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു

ന്യൂഡല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ മേധാവി. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാനായി നടന്‍ ആര്‍ മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.. ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മാധവനാണ്.

‘പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഗവേണിംഗ് കൌണ്‍സില്‍ ചെയര്‍മാനുമായി തെരഞ്ഞെടുക്കപ്പെട്ട മാധവന് ഹൃദയപൂര്‍വ്വമുള്ള ആശംസകള്‍. നിങ്ങളുടെ വിശാലമായ അനുഭവപരിചയവും മൂല്യബോധവും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നും പോസിറ്റീവ് ആ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും എനിക്ക് ഉറപ്പുണ്ട്’, അനുരാഗ് താക്കൂര്‍ കുറിച്ചു. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് മാധവന്‍ ഇതിന് പ്രതികരിച്ചിട്ടുമുണ്ട്.

മാധവന്‍ സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയ്ക്ക് നേരത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ രചനയും മാധവന്‍ ആയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ഈ സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും വൈറലായിരുന്നു.

1996 ല്‍ പുറത്തെത്തിയ ഇസ് രാത് കി സുബാ നഹീ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെയാണ് മാധവന്റെ സിനിമാ പ്രവേശം. 2000 ല്‍ പുറത്തെത്തിയ മണി രത്‌നം ചിത്രം അലൈപായുതേ ആണ് മാധവന്റെ കരിയര്‍ ബ്രേക്ക്. മൂന്ന് പതിറ്റാണ്ടോളം നീളുന്ന കരിയറില്‍ ഹിന്ദിയും തമിഴും കൂടാതെ ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.

Top