ചെന്നൈ: തമിഴകത്തിന്റെ എതിര്‍കാലം നടന്‍ വിജയ് യുടെ കയ്യിലെന്ന് തുറന്നു പറഞ്ഞ് നടന്‍ രാധാരവി രംഗത്ത്.
പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ താര സംഘടനയുടെ അദ്ധ്യക്ഷന്‍ കൂടിയായ രാധാരവി ഇക്കാര്യം തുറന്നു പറഞ്ഞത്.
‘വിജയ്ക്ക് ഇനിയും ഒരുപാട് കാലം ബാക്കിയുണ്ട്. ഷൂട്ടിങ് സെറ്റില്‍ അദ്ദേഹം ലൈറ്റ് ബോയ് യോട് പോലും ഇടപെടുന്ന രീതിയും തറയില്‍ ഷീറ്റ് വിരിച്ച് കിടക്കുന്നതുമെല്ലാം താന്‍ നേരിട്ട് കണ്ട് ഞെട്ടിയതായും’ രാധാരവി പറഞ്ഞു.
ദീപാവലിക്ക് പുറത്തിറങ്ങുന്ന ‘സര്‍ക്കാര്‍’ സിനിമ ഒരു സംഭവമായിരിക്കുമെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ട ഒരു കാര്യം എടുത്താണ് മുരുകദോസ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറില്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ റോളിലാണ് രാധാരവി എത്തുന്നത്.
മെര്‍സല്‍ വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സാഹചര്യത്തില്‍ പുതുതായി ഇറങ്ങുന്ന ‘സര്‍ക്കാര്‍’ എന്തൊക്കെ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുകയെന്ന് ഉറ്റു നോക്കുകയാണ് തമിഴകം.
ലക്ഷക്കണക്കിന് അണികള്‍ അംഗങ്ങളായ ഫാന്‍സ് അസോസിയേഷനുള്ള ദളപതിയെ ആശങ്കയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കി കാണുന്നത്.
ലോക് സഭ തിരഞ്ഞെടുപ്പിന് ഒപ്പമോ അതല്ലങ്കില്‍ അതിനു ശേഷം ഉടനെയോ തമിഴക നിയമസഭ തിരഞ്ഞെടുപ്പും നടക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
കരുണാനിധിയുടെ മരണവുമായി ബന്ധപ്പെട്ട സഹതാപ തരംഗത്തില്‍ വിജയിക്കാം എന്നതാണ് പ്രധാന പ്രതിപക്ഷമായ ഡി.എം.കെയുടെ ആത്മവിശ്വാസം. സ്റ്റാലിനെതിരെ മൂത്ത സഹോദരന്‍ അഴഗിരി ഉയര്‍ത്തുന്ന വെല്ലുവിളി തെക്കന്‍ ജില്ലകളില്‍ പോലും ബാധിക്കില്ലന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു.
എന്നാല്‍ അഴഗിരി ബി.ജെ.പിക്കും രജനിക്കും ഒപ്പം ചേര്‍ന്നാല്‍ അത് വെല്ലുവിളി ആകുമെന്ന ഭയവും ഡി.എം.കെക്കുണ്ട്.
രജനി ഭരണപക്ഷമായ അണ്ണാ ഡി.എം.കെയുടെ തലപ്പത്ത് വന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം എന്നതാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇക്കാര്യം പാര്‍ട്ടി നേതൃത്വം രജനിയെ അറിയിച്ചിട്ടുണ്ട്.
പുതുതായി തുടങ്ങുന്ന പാര്‍ട്ടിക്ക് സംഘടനാപരമായി കെട്ടുറപ്പ് ഉണ്ടാകില്ല എന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ഈ നിര്‍ദ്ദേശം.
അണ്ണാ ഡി.എം.കെയിലെ പനീര്‍ശെല്‍വം വിഭാഗം ആഗ്രഹിക്കുന്നതും ഇത്തരമൊരു കൂട്ട് കെട്ടിനു തന്നെയാണ്. ജയലളിതയുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന നടന്‍ അജിത്തിനെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരും ഭരണപക്ഷത്തുണ്ട്.
എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് ഇതുവരെ അജിത്ത് പ്രഖ്യാപിച്ചിട്ടില്ല. ദളപതിയെ പോലെ വലിയ ആരാധക സംഘം അജിത്തിനും തമിഴകത്തുണ്ട്.
നടന്‍ കമല്‍ഹാസന്‍ ആകട്ടെ ഇടതുപാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി എന്നിവ ഉള്‍പ്പെട്ട സഖ്യത്തെയാണ് ആഗ്രഹിക്കുന്നത്.
ഇതിനകം തന്നെ പല ഘട്ടങ്ങളിലും സിനിമയിലൂടെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞ വിജയ് ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും.
എന്നാല്‍ ആര്‍ക്കും തന്നെ പിടികൊടുക്കാത്ത വിജയ് അനിവാര്യമായ ഘട്ടത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
സര്‍ക്കാര്‍ സിനിമയിലൂടെ വ്യക്തമായ രാഷ്ട്രീയ സന്ദേശം സമൂഹത്തിന് വിജയ് നല്‍കുമെന്നും അതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
അതേ സമയം മെര്‍സല്‍ സിനിമ 1000 കേന്ദ്രങ്ങളില്‍ ചൈനയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി വിജയ് യുടെ മാര്‍ക്കറ്റ് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.
പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍