നടന്‍ രാഘവ ലോറന്‍സിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു

ടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. ‘അധികാരം’ എന്ന് പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്.

തമിഴകത്തെ പ്രശസ്ത സംവിധായകന്‍ വെട്രിമാരനാണ് അധികാരത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വെട്രിമാരന്റെ അസോസിയേറ്റായിരുന്ന ദുരൈ സെന്തില്‍ സിനിമ സംവിധാനം ചെയ്യുന്നു. കാക്കി സട്ടെ, കൊടി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ദുരൈ സെന്തില്‍.

തിരക്കഥയ്ക്ക് പുറമെ, സഹനിര്‍മാതാവായും വെട്രിമാരന്‍ തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന അധികാരത്തിന്റെ നിര്‍മാണത്തില്‍ ആടുകളം ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന എസ്. കതിരേശനും വെട്രിമാരനൊപ്പമുണ്ട്.

വെട്രിമാരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ വിജയ് സേതുപതി- സൂരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന വിടുതലൈയും സൂര്യയുടെ വാടിവാസലുമാണ്. അതേസമയം, രാഘവ ലോറന്‍സിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം കാഞ്ചന 3 ആണ്. ചിത്രം സംവിധാനം ചെയ്തതും ലോറന്‍സ് ആയിരുന്നു.

 

Top