കൊച്ചി: നാണം കെട്ട് തല ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് മലയാള സിനിമയിലെ വീരശൂര പരാക്രമികള്‍.
കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കി തുടക്കമിട്ട സഹായഹസ്തം ഇപ്പോള്‍ തെലുങ്ക് മണ്ണിലേക്കും നീണ്ടിരിക്കുകയാണ്.
ബാഹുബലി നായകന്‍ പ്രഭാസ് ഒരു കോടി നല്‍കി ഞെട്ടിച്ചപ്പോള്‍ മറ്റൊരു സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാം ചരണ്‍ തേജ 60 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യ 1.20 കോടിയും നല്‍കി മാതൃക കാട്ടി. പത്ത് ടണ്‍ അരിയും രാം ചരണ്‍ നല്‍കും.
മറ്റൊരു തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. തമിഴ് താരം കമല്‍ ഹാസന്‍ 25 ലക്ഷവും അദ്ദേഹം ഇടപെട്ട് വിജയ് ടി.വിയെ കൊണ്ട് 25 ലക്ഷം കൊടുപ്പിക്കുകയും ചെയ്തു. തെലുങ്ക് താരം വിജയ് ദേവരകൊണ്ട നേരത്തെ 5 ലക്ഷം നല്‍കിയിരുന്നു.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ നല്‍കിയത് 25 ലക്ഷം മാത്രമാണ്. മോഹന്‍ലാല്‍ പ്രഖ്യാപിച്ചതും 25 ലക്ഷം തന്നെ.
മറ്റ് മലയാളി താരങ്ങളുടെ ഭാഗത്തുനിന്നും കാര്യമായ ധനസഹായമൊന്നും ഉണ്ടായിട്ടില്ല.
അക്കൗണ്ടിന്റെ വിശദാംശങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളുമടക്കം പങ്കുവെച്ചുകൊണ്ട് ദുരന്തത്തെ ഒന്നായി നേരിടണമെന്ന് മോഹന്‍ലാലും മമ്മൂട്ടിയും നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചത് മാത്രമാണ് ‘വലിയ’ സഹായം.
കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായിട്ടും ആദ്യ സഹായവും വലിയ സഹായവും തമിഴക മണ്ണില്‍ നിന്നും തെലുങ്ക് മണ്ണില്‍ നിന്നുമാണ് ഉണ്ടായത് എന്നത് മലയാള താരങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ലണ്ടനില്‍ ആയിരുന്ന തമിഴ് സൂപ്പര്‍താരം വിജയ് ചെന്നൈയില്‍ എത്തിയാലുടന്‍ സഹായധനം നല്‍കുമെന്നാണ് സൂചന.
കോടികള്‍ പ്രതിഫലം വാങ്ങുന്ന നിരവധി താരങ്ങള്‍ മലയാളത്തില്‍ ഉണ്ടെന്നിരിക്കെ മുഖം തിരിച്ചു നില്‍ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.