ഇംഫാല്‍: നടന്‍ രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്റാമും വിവാഹിതരായി. മെയ്‌തേയ് ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പരമ്പരാഗത രീതിയിലുള്ള മണിപ്പൂരി വരന്റെ വെള്ള വസ്ത്രത്തിലാണ് റണ്‍ദീപ് ഹൂഡ എത്തിയത്. പരമ്പരാഗത മണിപ്പൂരി വധുവിന്റെ വേഷം ധരിച്ചായിരുന്നു ലിന്‍ ചടങ്ങിന് എത്തിയത്. വെള്ള ഷാള്‍ രണ്‍ദീപ് ധരിച്ചിരുന്നു. കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിര്‍മ്മിച്ച പൊള്ളോയ് എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത വേഷമാണ് ലിന്‍ ധരിച്ചിരുന്നത്. ഇതില്‍ വളരെ ആകര്‍ഷകമായ അലങ്കാരങ്ങള്‍ ചെയ്തിരുന്നു. മണിപ്പൂരിലെ ഇംഫാലിലെ ചുംതാങ് ഷണാപ്പുങ് റിസോര്‍ട്ടിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന വിവാഹ ചടങ്ങ് നടന്നത്.
വിവാഹത്തിന് മുന്‍പ് രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്റാമും കുടുംബസമേതം മൊയ്റംഗ് ലംഖായിയിലെ ദുരിതാശ്വാസ ക്യാമ്പിലും സേന്ദ്ര ടൂറിസ്റ്റ് റിസോര്‍ട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. ലിന്‍ ലൈഷ്റാം നിരവധി ഹിന്ദി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് നസിറുദ്ദീന്‍ ഷായുടെ ഡ്രാമ ഗ്രൂപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട് രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്റാമും. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലായത്. അടുത്തിടെയാണ് ഇരുവരും ഈ ബന്ധം പരസ്യമാക്കിയത്. അടുത്തിടെ മണിപ്പൂരി രീതിയില്‍ നവംബര്‍ 29ന് താന്‍ വിവാഹിതനാകുമെന്ന് രണ്‍ദീപ് ഹൂഡ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടിരുന്നു.
‘മണ്‍സൂണ്‍ വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രണ്‍ദീപ്, ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ’, ‘സാഹെബ്, ബിവി ഔര്‍ ഗ്യാങ്സ്റ്റര്‍’, ‘രംഗ് റസിയ’, ‘ജിസം 2’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ബോളിവുഡിലെ പ്രധാന താരങ്ങളില്‍ ഒരാളായത്. ഇപ്പോള്‍ ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവചരിത്രമാണ് പുതിയ പ്രേജക്റ്റ്.