മഹാഭാരതത്തിലൂടെ തിളങ്ങിയ സതീഷ് കൌള്‍ കോവിഡ് ബാധിച്ച് മരിച്ചു

ഹാഭാരതം പരമ്പരയിലൂടെ തിളങ്ങിയ പഞ്ചാബി നടന്‍ സതീഷ് കൌള്‍ കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ചയായിരുന്നും മരണം സംഭവിച്ചത്. ബി.ആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തില്‍ ഇന്ദ്രനായിട്ടായിരുന്നു സതീഷ് വേഷമിട്ടിരുന്നത്.

കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് സതീഷിനെ ലുധിയാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ചുള്ള പരിശോധനയിലാണ് കോവിഡാണെന്ന് സ്ഥിരീകരിക്കുന്നതെന്ന് സഹോദരി സത്യ ദേവി പി.ടി.ഐയോട് പറഞ്ഞു. ഒരു കാലത്ത് പഞ്ചാബി സിനിമകളിലും സീരിയലുകളിലും നിറഞ്ഞുനിന്ന താരമായിരുന്നു സതീഷ് കൌള്‍. പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചന്‍ എന്നായിരുന്നു കൌള്‍ അറിയപ്പെട്ടിരുന്നത്.

എന്നാല്‍ 2011 ഓടെ ഇദ്ദേഹം അഭിനയം നിര്‍ത്തുകയും പിന്നീട് ഒരു ആക്ടിംഗ് സ്‌കൂള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇതൊരു പരാജയമായിരുന്നു. സ്‌കൂളിന് വേണ്ടിയായിരുന്നു തന്റെ സമ്പാദ്യം മുഴുവന്‍ കൌള്‍ ചെലവഴിച്ചത്. സ്‌കൂള്‍ നഷ്ടമായതോടെ കൌളിന്റെ ജിവിതവും തകിടം മറിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു.

പാട്യാലയിലെ ഒരു കോളേജില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പുണ്ടായ അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന് കിടപ്പിലായതോടെ ആ വരുമാനവും നിലച്ചു. രണ്ടര വര്‍ഷത്തോളം ആശുപത്രിയില്‍ കിടപ്പിലായ സതീഷ് പിന്നീടാണ് ലുധിയാനയിലെ വിവേകാനന്ദ വൃദ്ധസദനത്തിലേയ്ക്ക് താമസം മാറ്റിയത്.

ഭാര്യയുമായി വേര്‍പിരിഞ്ഞ ഇദ്ദേഹത്തിന് ഒരു മകനുണ്ട്. പഞ്ചാബ് സര്‍ക്കാരിന്റെ സഹായം കൊണ്ട് പിടിച്ചുനിന്നെങ്കിലും ലോക്‌ഡൌണ്‍ ആയതോടെ പ്രതിസന്ധിയിലായി. പിന്നീട് ഭക്ഷണത്തിനും മരുന്നിനുമായി സതീഷ് ഏറെ ബുദ്ധിമുട്ടിയിരുന്നു.

ഹിന്ദി, പഞ്ചാബി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ സതീഷ് അഭിനയിച്ചിട്ടുണ്ട്. പ്യാര്‍ ടു ഹോണ ഹായ് താ, ആന്റി നമ്പര്‍ 1, സഞ്ജീര്‍, യാരാന, രാം ലഖാന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. മഹാഭാരതം കൂടാതെ വിക്രം ഓര്‍ വേതാള്‍ എന്ന പരമ്പരയിലും സതീഷ് അഭിനയിച്ചിട്ടുണ്ട്. 2011ലെ പിടിസി പഞ്ചാബി ഫിലിം അവാര്‍ഡ് ചടങ്ങില്‍ വച്ച് സതീഷിനെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

 

 

Top