ഷെയ്ന്‍ നിഗമിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കില്ല ; നിര്‍മാതാക്കള്‍ കത്ത് നല്‍കി

കൊച്ചി : നടന്‍ ഷെയ്ന്‍ നിഗമിനെ ഇതരഭാഷാ സിനിമകളിലും ഇനി സഹകരിപ്പിക്കില്ല. ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കി. നിര്‍മാതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചേംബര്‍ നടപടി.

ഷെയിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് സിനിമാ സംഘടനകള്‍. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. മലയാളത്തില്‍ നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കാതെ ഷെയ്‌നെ ഇതര ഭാഷകളിലും അഭിനയിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനം.

അമ്മയും ഫെഫ്കയും ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ട് നടന്‍ സിദ്ധിക്കിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ഇതിനു ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള കൂടിക്കാഴ്ച ബാക്കിനില്‍ക്കെയാണ് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെയ്ക്ക് എത്തിയ ഷെയ്ന്‍ നിഗം നിര്‍മാതാക്കള്‍ മനോരോഗികളാണെന്ന വിവാദപരമായ പരാമര്‍ശം നടത്തിയത്.

ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയാറാകുന്നില്ലെന്നും ഷെയ്ന്‍ നിഗം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇടവേള ബാബുവും സിദ്ധിഖുമായി സംസാരിച്ചിരുന്നു. അമ്മയുടെ ഭാരവാഹികളെന്ന നിലയിലാണ് അവരുമായി ചര്‍ച്ച നടത്തിയത്. ഔദ്യോഗിക യോഗമായിരുന്നില്ല അതെന്നും ഷെയ്ന്‍ പറഞ്ഞു.

നിര്‍മാതാക്കള്‍ക്ക് മനോ വിഷമമാണോ മനോരോഗമാണോ എന്ന് പറയുന്നില്ല. അവര്‍ക്ക് പറയാനുള്ളത് റേഡിയോയില്‍ ഇരുന്ന് പറയും. നമ്മള്‍ അനുസരിച്ചോളണം. കൂടിപ്പോയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നും ഷെയ്ന്‍ പറഞ്ഞു.

Top