കാസര്‍കോട് : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ നടന്‍ ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ വിവാഹം കഴിച്ചുവെന്നും മകന്‍ ഉണ്ടെന്നുള്ള കാര്യം മറച്ചു വെക്കുകയായിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കിയെന്നത് ശരിയാണെന്നും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമാണ് ഷിയാസ് ചന്തേര പൊലീസിന് നല്‍കിയ മൊഴി. ഇന്ന് രാവിലെയാണ് ഷിയാസിനെ അറസ്റ്റ് ചെയ്തത്.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 32 വയസ്സുകാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി 2021 മുതല്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും രണ്ടുതവണ ഗര്‍ഭചിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ജിംനേഷ്യം പാര്‍ട്ടണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. എന്നാല്‍ യുവതിയില്‍ നിന്നും അഞ്ചര ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും അത് കാര്‍ വാങ്ങി നല്‍കാനായിരുന്നുവെന്നുമാണ് ഷിയാസ് മൊഴി നല്‍കിയത്. ദുബായില്‍ നിന്ന് വരുന്ന വഴി വ്യാഴാഴ്ചയാണ് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് ഷിയാസ് കരീമിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചന്തേര പൊലീസിന് കൈമാറുകയായിരുന്നു.