നിങ്ങള്‍ ഒറ്റക്കാണ് ഉള്ളതെങ്കില്‍, ഇതാണ് ആ ‘പെര്‍ഫക്ട് ലോക്ക്ഡൗണ്‍ സോങ്’: ആയുഷ്മാന്‍

ബോളിവുഡ് നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാന സിനിമകളില്‍ പാട്ടുന്നതുകൂടാതെ സ്വന്തമായി എഴുതുകയും അതിന് ഈണം കൊടുക്കാറുമുണ്ട്. ലോക്ക്ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ ഓരോ പാട്ടും പരിപാടിയുമൊക്കെയായി താരം സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ്.

ഇപ്പോഴിതാ സ്വവര്‍ഗാനുരാഗികളുടെ പ്രണയത്തിന്റെ കഥ പറഞ്ഞ ആയുഷ്മാന്റെ സിനിമയായ ശുഭ് മംഗള്‍ സ്യാധാ സാവധാനിലെ ‘മേരെ ലിയെ തും കാഫി ഹോ’ എന്ന ഗാനം പാടുന്ന വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

ഈയിടെയാണ് ചിത്രം പുറത്തിറങ്ങിയത്. താരം തന്നെയാണ് ഈ ഗാനം സിനിമയിലും പാടിയിരിക്കുന്നത്. ഇതില്‍ പറയുന്നത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും തങ്ങളുടെ കുടുംബത്തോടും നമ്മള്‍ സ്‌നേഹിക്കുന്നവരോടും പറയേണ്ടതെന്നാണ് ആയുഷ്മാന്‍ പറയുന്നത്.

‘ഈ സീസണിലെ അവസാനത്തെ ഗാനമാണ് ഇത്. നിങ്ങള്‍ ലോക്ക്ഡൗണില്‍ ഒറ്റക്കാണ് ഉള്ളതെങ്കില്‍, ഇതാണ് ആ ‘പെര്‍ഫക്ട് ലോക്ക്ഡൗണ്‍ സോങ്’. അതല്ലെങ്കില്‍ നിങ്ങള്‍ കുടുംബത്തോടൊപ്പമോ, പങ്കാളിയോടൊപ്പമോ, ആരോടൊപ്പമോ ആയിക്കോട്ടെ. അവരോട് പറയാം എനിക്ക് നിങ്ങള്‍ പര്യാപ്തരാണ്, ലോകത്ത് മറ്റൊന്നും അനിവാര്യമല്ല എന്ന്.’ ഇത് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം പാട്ട് പാടുന്നത്.

വായുവിന്റെ വരികള്‍ക്ക് ആയുഷ്മാനും തനിഷ്‌ക് ബാഗ്ചിയും ചേര്‍ന്നാണ് ഈണം നല്‍കിയിരിക്കുന്നത്.

Top